കെഎസ്ആർടിസിയിൽ മെക്കാനിക്കുകളെയും ഡ്രൈവർമാരെയും ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും
Sunday, September 8, 2024 1:12 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ മെക്കാനിക്കുകളുടെയും ഡ്രൈവർമാരുടെയും ക്ഷാമം പരിഹരിക്കാൻ താത്കാലിക നിയമനം നടത്തുന്നു. ബസ് സർവീസുകൾ കാര്യക്ഷമമാക്കാൻ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.
111 മെക്കാനിക്കുകളെയും 607 ഡ്രൈവർമാരെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് തെരഞ്ഞെടുക്കുന്നത്. ജില്ലാതല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരെ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഓട്ടോ ഇലക്ട്രിഷ്യൻ, മെക്കാട്രോണിക്സ് (ഐടിഐ) വിദ്യാഭ്യാസം നേടിയ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെയാണ് മെക്കാനിക്കുകളായി നിയമിക്കുന്നത്. ഒഴിവുകൾ ജില്ല തിരിച്ച്: തിരുവനന്തപുരം-39, കൊല്ലം-12, പത്തനംതിട്ട-9, കോട്ടയം-11, ഇടുക്കി-5, എറണാകുളം-14, തൃശൂർ-5, വയനാട്-3, മലപ്പുറം-4, കോഴിക്കോട്-7, കണ്ണൂർ-2, കാസർഗോഡ്-5.
ശാരീരികക്ഷമതയും വ്യക്തമായ ദൂരക്കാഴ്ചയും ഉള്ള 25നും 60നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം ഡ്രൈവർമാർ. ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം.
ഭിന്നശേഷിക്കാരെ പരിഗണിക്കില്ല. ഒഴിവുകൾ: തിരുവനന്തപുരം-132, കൊല്ലം-39 പത്തനംതിട്ട-55, ആലപ്പുഴ-66, കോട്ടയം-98, ഇടുക്കി-15, എറണാകുളം-61, തൃശൂർ-68, പാലക്കാട്-47,കണ്ണൂർ-16, കാസർഗോഡ്-10. മെക്കാനിക്കുകൾക്കും ഡ്രൈവർമാർക്കും ഒരു ഡ്യൂട്ടിക്ക് (എട്ട് മണിക്കൂർ) 715 രൂപയാണ് വേതനം.