ഡ്രോൺ ഉപയോഗിച്ച് വിമാനത്താവളത്തിന്റെ വീഡിയോ പകർത്തിയ വ്ലോഗർക്കെതിരേ കേസ്
Saturday, September 7, 2024 12:01 AM IST
നെടുമ്പാശേരി: നിരോധിതമേഖലയിൽ ഡ്രോൺ ഉപയോഗിച്ച് വിമാനത്താവളത്തിന്റെ വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രമുഖ വ്ലോഗർക്കെതിരേ നെടുമ്പാശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് ഏടച്ചേരി സ്വദേശി എസ്. അർജുൻ സാബ് (24) എന്നയാൾക്കെതിരേയാണു കേസ് രജിസ്റ്റർ ചെയ്തത്.
ദൃശ്യം പകർത്താനുപയോഗിച്ച ഡ്രോണും ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തു. കേസിൽ അറസ്റ്റ് രേഖപ്പെടുത്തി അർജുനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ 26 ന് ഉച്ചയ്ക്കുശേഷമാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് ചോദ്യം ചെയ്യലിൽ അർജുൻ വ്യക്തമാക്കി.
നെടുമ്പാശേരി വിമാനത്താവളവും പരിസരവും ഡ്രോൺ പറത്താൻ അനുമതിയില്ലാത്ത നോൺ ഫ്ലൈ മേഖലയാണ്. കൊച്ചി നഗരം ആളുകളുടെ ഇഷ്ടകേന്ദ്രമായതിനാൽ വിവാഹത്തിന്റെ പ്രീവെഡ്ഡിംഗ് ഷൂട്ടിനായും മറ്റും ഇത്തരത്തിൽ നിരോധിതമേഖലകളിൽ ഡ്രോൺ പറത്തി വീഡിയോയും മറ്റും ചിത്രീകരിക്കുന്ന പ്രവണത സമീപകാലത്തായി വർധിച്ചുവരികയാണ്.
ഇൻസ്റ്റഗ്രാം വീഡിയോ കണ്ടന്റ് ക്രിയേറ്ററും ഡ്രോൺ പൈലറ്റുമായ അർജുൻ പകർത്തിയ വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജായ മല്ലു ഡോറയിലൂടെ പ്രചരിപ്പിച്ചത് നെടുമ്പാശേരി പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന് ഡ്രോൺ ഉപയോഗിച്ചു ദൃശ്യങ്ങൾ ചിത്രീകരിക്കാനുള്ള അനുമതി ആർക്കെങ്കിലും നൽകിയിട്ടുണ്ടായിരുന്നോ എന്ന് പോലീസ് എയർപോർട്ട് അധികൃതരോട് അന്വേഷിച്ചു. ഇത്തരത്തിൽ ആർക്കും അനുമതി നൽകിയിട്ടില്ലെന്നായിരുന്നു മറുപടി. ഇതോടെ വീഡിയോ പോസ്റ്റ് ചെയ്ത അർജുനെ കണ്ടെത്തി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
നേവൽ ബേസ്, ഷിപ്പ് യാർഡ്, കൊച്ചി തുറമുഖം, കണ്ടെയ്നർ ടെർമിനൽ, ഹൈക്കോടതി തുടങ്ങിയ അതീവ സുരക്ഷാ മേഖലകളിൽ അനുമതിയില്ലാതെ വ്ലോഗർമാരും വീഡിയോ ഗ്രാഫർമാരും ഇത്തരത്തിൽ ഡ്രോൺ പറത്തി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.