വൈഐപി ശാസ്ത്രപഥം 7.0: സ്കൂൾ വിഭാഗം ജില്ലാതലത്തിൽ കൊല്ലം ജില്ലയ്ക്ക് ഒന്നാംസ്ഥാനം
Saturday, September 7, 2024 12:01 AM IST
തിരുവനന്തപുരം: യങ് ഇന്നൊവേറ്റർസ് പ്രോഗ്രാം (വൈഐപി) ശാസ്ത്രപഥം 7.0 സ്കൂൾ വിഭാഗം വിദ്യാർഥികളുടെ ആശയസമർപ്പണം പൂർത്തിയായി. 3000 ആശയങ്ങൾ സമർപ്പിച്ച് സംസ്ഥാന തലത്തിൽ കൊല്ലം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സ്കൂൾ തലത്തിൽ ഏറ്റവുമധികം ആശയസമർപ്പണം നടത്തി ഒന്നാമതെത്തിയത് 446 ആശയങ്ങൾ സമർപ്പിച്ച പാലക്കാട് ജില്ലയിലെ ജിഒഎച്ച്എസ് എടത്തനാട്ടുക്കരയാണ്. ഈ സ്കൂളിലെ അധ്യാപിക എ.സുനിത വൈഐപി ഫെസിലിറ്റേറ്ററായി തെരഞ്ഞെടുത്തു. 853 ആശയങ്ങൾ സമർപ്പിച്ച് ബിആർസി തലത്തിലെ ഒന്നാംസ്ഥാനം കൊല്ലം ബിആർസി സ്വന്തമാക്കി.
ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത ജില്ല എന്ന നേട്ടം തൃശൂർ സ്വന്തമാക്കി. സമർപ്പിച്ച ആശയങ്ങളുടെ മൂല്യനിർണയം ഈ മാസം തന്നെ നടക്കും. ജില്ലാ തല മൂല്യനിർണയം ഒക്ടോബറിലും സംസ്ഥാനതല മൂല്യനിർണയം നവംബറിലും നടക്കും.
സ്കൾ, കോളജ്, ഗവേഷണ തലത്തിലുള്ള 13നും 37നും മധ്യേ പ്രായമുള്ള വിദ്യാർഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും പ്രവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സാമ്പത്തിക സഹായങ്ങൾ നൽകാൻ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന് കീഴിലുള്ള കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്ക്) ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പരിപാടിയാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം.
വൈഐപിയുടെ ഇതുവരെയുള്ള പതിപ്പുകളിൽ ഏറ്റവുമധികം വിദ്യാർഥികൾ ഭാഗമായ ഒന്നായിരുന്നു ഇത്. 1,98,123 വിദ്യാർഥികൾ വൈഐപി ശാസ്ത്രപഥം 7.0 യിൽ രജിസ്റ്റർ ചെയ്യുകയും, 17,020 ടീമുകൾ അവരുടെ ആശയങ്ങൾ സമർപ്പിക്കുകയും ചെയ്തു.