ചരക്കുകപ്പൽ ദുരന്തം: അമലും അനീഷും ജോലിയിൽ പ്രവേശിച്ചിട്ട് എട്ടുമാസം
Saturday, September 7, 2024 12:01 AM IST
കണ്ണൂർ: കുവൈറ്റ് സമുദ്രാതിർത്തിയിൽ ഇറേനിയൻ ചരക്കുകപ്പൽ മുങ്ങി മരിച്ച അമലും അനീഷും ജോലിയിൽ പ്രവേശിച്ചിട്ട് എട്ടുമാസം മാത്രമേ ആയിട്ടുള്ളൂ. അടുത്തമാസം വീട്ടിലേക്ക് വരാനിരിക്കെയായിരുന്നു അപകടം. അമൽ മുന്പ് പാപ്പിനിശേരി കെഎസ്ഇബി സെക്ഷനിൽ ജോലി ചെയ്തിരുന്നു.
മുംബൈയിൽ പഠനം പൂർത്തിയാക്കി അവിടെയുള്ള ഏജൻസി വഴിയാണു ഇറേനിയൻ കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. കപ്പൽ മുങ്ങാനുള്ള കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് കുവൈറ്റ്, ഇറാൻ അധികൃതർ അന്വേഷണം നടത്തിവരികയാണ്.
കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരുമായും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും ബന്ധുക്കൾ ബന്ധപ്പെടുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, കണ്ണൂർ എംപി കെ. സുധാകരൻ എന്നിവർക്കും വിദേശകാര്യമന്ത്രാലയത്തിലും അമലിന്റെ അച്ഛൻ സുരേഷ് പരാതി നൽകി. അമൽ ദുരന്തത്തിൽപ്പെട്ടതായുള്ള വിവരം കാവുംകൂടി ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. സഹോദരി: അൽഷ സുരേഷ് (നഴ്സ് എകെജി ആശുപത്രി, കണ്ണൂർ).