ബിജെപിയും സിപിഎമ്മും പൂരം കലക്കി: രമേശ് ചെന്നിത്തല
Saturday, September 7, 2024 12:01 AM IST
തിരുവനന്തപുരം: കേവലം ഒരു തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി സാംസ്കാരിക കേരളത്തിന്റെ അഭിമാനമായ തൃശൂർ പൂരം കലക്കാൻ സിപിഎമ്മും ബിജെപിയും കേരളാ പോലീസിലെ ഒരു എഡിജിപിയും ഒത്തുകളിച്ചുവെന്നാണ് ഇപ്പോൾ തെളിയുന്നതെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ പിണറായി വിജയനും സിപിഎമ്മും സംസ്ഥാന ബിജെപി നേതൃത്വവും കേരളത്തിലെ ജനങ്ങളോട് വിശദീകരണം നൽകണം.
തൃശൂർ പൂരം കലങ്ങിയതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സംസ്ഥാന ബിജെപിയുമാണ്. വർഗീയ കലാപം ഉണ്ടാക്കിയും ഉൽസവം കലക്കിയും ഒക്കെ തെരഞ്ഞെടുപ്പ് ജയിക്കുന്നത് സിനിമയിലേ കണ്ടിട്ടുള്ളൂ.
സുരേഷ് ഗോപി അതേ സിനിമാസ്റ്റൈൽ ആണോ തൃശൂരിൽ നടപ്പാക്കിയത് എന്ന കാര്യം തുറന്നു പറയണം. തൃശൂരിൽ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പിണറായി വിജയന്റെ നിർദേശപ്രകാരമാണോ എന്ന് ആരോപണവിധേയനായ എഡിജിപി വ്യക്തമാക്കണം.
പിണറായിയുടെ ഈ രഹസ്യങ്ങൾ അറിയാവുന്നതു കൊണ്ടാണ് കൊലപാതകവും സ്വർണക്കടത്തും അടക്കമുള്ള കുറ്റങ്ങൾ ചെയ്തതായി ഭരണകക്ഷി എംഎൽഎ പി.വി. അൻവർ ആരോപിച്ചിട്ടും പോലീസിലെ സർവശക്തനായ ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപിയായി അജിത് കുമാർ തുടരുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.