യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം
Friday, September 6, 2024 1:51 AM IST
തിരുവനന്തപുരം: ഇടത് എംഎൽഎ പി.വി. അൻവറിന്റെ, പോലീസിനെതിരേയുള്ള ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിൽ തലസ്ഥാനം മണിക്കൂറുകളോളം യുദ്ധക്കളമായി മാറി. സെക്രട്ടേറിയറ്റ് മാർച്ചിനു നേരേ പോലീസ് ലാത്തിച്ചാർജും ജലപീരങ്കി പ്രയോഗവും നടത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ പോലീസ് വളഞ്ഞിട്ടു തല്ലി. ലാത്തിച്ചാർജിൽ അബിൻ വർക്കിയുടെ തലപൊട്ടി. സുമേഷ് എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്റെ കൈ ഒടിഞ്ഞു. സുരേഷ് എന്ന പ്രവർത്തകന്റെ തലയ്ക്കു പരിക്കേറ്റു. നിരവധി പ്രവർത്തകർക്കും പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസും പോലീസും ഏറ്റുമുട്ടിയതോടെ എംജി റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധമാർച്ച് സെക്രട്ടേറിയറ്റ് പടിക്കൽ എത്തിയത്. മാർച്ച് ഉദ്ഘാടനം ചെയ്ത യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ പ്രസംഗിക്കുന്നതിനിടെ തന്നെ പ്രവർത്തകർ പോലീസിനെതിരേ മുദ്രാവാക്യം വിളി ആരംഭിച്ചിരുന്നു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് വലിച്ചുമാറ്റാൻ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗം നടത്തി. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോവാൻ തയാറായില്ല.
ഇതിനിടയിൽ വനിതാ പ്രവർത്തകർ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കടക്കാനുള്ള ശ്രമം നടത്തി. ജലപീരങ്കി വാഹനത്തിനുനേരേ കൊടികെട്ടിയ കന്പും ചെരുപ്പും വലിച്ചെറിഞ്ഞു. വാഹനത്തിന് മുൻവശത്തേക്ക് കയറിയും വാഹനത്തിന് മുന്നിൽ കിടന്നും പ്രവർത്തകരുടെ പ്രതിഷേധം തുടർന്നു.
വനിതാ പ്രവർത്തകരുടെ വസ്ത്രത്തിൽ പുരുഷ പോലീസുകാർ പിടിച്ചുവലിച്ചുവെന്നാരോപിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ പിരിഞ്ഞുപോവാൻ തയാറാവാത്തതിനെത്തുടർന്ന് പോലീസ് ഏഴു തവണ ജലപീരങ്കി പ്രയോഗിച്ചു.
തുടർന്നും പ്രവർത്തകർ സമരം അവസാനിപ്പിക്കാതെ വന്നതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി. പോലീസുകാർക്കിടയിൽ ഒറ്റപ്പെട്ടുപോയ അബിൻ വർക്കിയെ പോലീസുകാൾ കൂട്ടമായെത്തി തല്ലിവീഴ്ത്തി.
ഇതിനിടയിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടം ഉൾപ്പെടെ കുറേ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ കണ്ണിനു പരിക്കേറ്റു.