വരുമാന സർട്ടിഫിക്കറ്റിനു നിബന്ധന; ചെറുകിട കർഷകരെ വരിഞ്ഞുമുറുക്കാൻ സർക്കാർ
Friday, September 6, 2024 1:51 AM IST
ബിനു ജോർജ്
കോഴിക്കോട്: വരുമാന സർട്ടിഫിക്കറ്റിനു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുതിയ നിബന്ധന സാധാരണക്കാരും ചെറുകിട കർഷകരും കർഷകത്തൊഴിലാളികളുമടക്കമുള്ള വലിയൊരു ജനവിഭാഗത്തിന് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാൻ കാരണമാകുമെന്ന് ആശങ്ക.
വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനിമുതൽ എല്ലാ വിഭാഗങ്ങളും ജനങ്ങളും സ്വത്തുവിവരങ്ങളും മറ്റും അടങ്ങിയ വിശദമായ സത്യവാങ്മൂലം നൽകണമെന്നാണു റവന്യു വകുപ്പിന്റെ ഉത്തരവ്. സത്യവാങ്മൂലത്തിൽ നൽകുന്ന വിവരങ്ങൾ തെറ്റാണെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നു ഭീഷണിയുമുണ്ട്.
സ്വന്തമായുള്ള ഭൂമിയുടെ വിസ്തീർണം, വീടിന്റെ വിസ്തീർണം, സ്വകാര്യജോലിയാണെങ്കിൽ പോലും കുടുംബാംഗങ്ങളുടെ ഓരോരുത്തരുടെയും വരുമാനം, വാഹനങ്ങളെ സംബന്ധിച്ച വിവരം തുടങ്ങിയവയെല്ലാം സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തണം.
ഭൂമിയുടെ വിസ്തീർണമാണു വരുമാനം രേഖപ്പെടുത്തുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന്. നാലോ അഞ്ചോ ഏക്കർ കൃഷിഭൂമിയുള്ളവർക്കും ഇനി ഉയർന്ന തുകയുടെ വരുമാന സർട്ടിഫിക്കറ്റാണു ലഭിക്കുക.
കാരണം, കൃഷിഭൂമിയുണ്ടെങ്കിലും അതിൽ കൃഷി ചെയ്തു ജീവിക്കാൻ വന്യജീവികൾ അനുവദിക്കില്ലെന്നു രേഖപ്പെടുത്താൻ സത്യവാങ്മൂലത്തിൽ കോളമില്ല. ഭൂമിയുടെ വിസ്തീർണമല്ലാതെ കാർഷിക വിളകളുടെ വിലത്തകർച്ചയും വിളകൾക്കു വ്യാപകമായി രോഗബാധയുള്ളതും അധികൃതർ പരിഗണിക്കില്ല.
വന്യജീവിശല്യം കാരണം കർഷകരേറെയും കൃഷിഭൂമികൾ തരിശിട്ടിരിക്കുകയാണ്. ഭൂമി വിറ്റു കടബാധ്യതകൾ തീർക്കാമെന്നുവച്ചാൽ വന്യജീവിശല്യവും പാരിസ്ഥിതിക നിയമങ്ങളും കാരണം ഭൂമി വാങ്ങാൻ ആളില്ലാതായി.
സർക്കാരിൽനിന്നുള്ള എല്ലാ ആനുകൂല്യങ്ങൾക്കും വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നിരിക്കേ, മുണ്ടുമുറുക്കി ജീവിക്കുന്ന ചെറുകിട കർഷകരുടെ ജീവിതം ഒന്നുകൂടി ദുഃസഹമാക്കാനാണു പുതിയ നിബന്ധന വഴിവയ്ക്കുക.
നിലവിൽ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരുമാന സർട്ടിഫിക്കറ്റ് നൽകാൻ കഴിയുന്നതു സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു മാത്രമാണെന്നും മറ്റു വിഭാഗങ്ങൾക്കു നിബന്ധനകളില്ലാതെ സർട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ടെന്നുമുള്ള ലാൻഡ് റവന്യു കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണു സത്യവാങ്മൂലം നിർബന്ധമാക്കിയത്.