പീഡന ആരോപണം : സംഭവദിവസം നിവിന്‍ തന്റെ സെറ്റിലെന്ന് വിനീത് ശ്രീനിവാസന്
Friday, September 6, 2024 12:45 AM IST
കൊച്ചി: യുവതിയെ പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം നടന് നിവിന്‍ പോളി തന്റെ സെറ്റിലുണ്ടായിരുന്നുവെന്ന് സംവിധായകന് വിനീത് ശ്രീനിവാസന്.
പീഡനം നടന്നുവെന്ന് ആരോപിക്കുന്ന 2023 ഡിസംബര്‍ 14,15 തീയതികളില്‍ നിവിന്‍ പോളി തന്നോടൊപ്പം ‘വര്‍ഷങ്ങള്‍ക്കുശേഷം’ എന്ന സിനിമയുടെ സെറ്റിലായിരുന്നു. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലായിരുന്നു നിവിന്‍ പോളി ആ ദിവസങ്ങളില്‍ താമസിച്ചത്. ഇതിന്റെ തെളിവുകള്‍ കൈവശമുണ്ട്.
15ന് പുലര്‍ച്ചെവരെ നിവിന്‍ തന്നോടൊപ്പമുണ്ടായിരുന്നു. ഈ ഷൂട്ടിംഗില്‍ നിവിന്‍ പോളിക്കൊപ്പം മുന്നൂറോളം ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളുമുണ്ടായിരുന്നു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്.
അതിനുശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്തു ദുബായില്‍വച്ച് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ ഊന്നുകല്‍ പോലീസാണ് നിവിന്‍ പോളിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.