പി.വി. അൻവർ ചാവേറോ?; ആരോപണങ്ങളിൽ അടിയൊഴുക്കുകൾ ശക്തം
Thursday, September 5, 2024 2:49 AM IST
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ സിപിഎമ്മിലെ അടിയൊഴുക്കുകളുടെ ആഴം വെളിവാക്കുന്ന തരത്തിലേക്കു വളരുന്നു.
ഏതാനും ദിവസങ്ങളിൽ തുടർച്ചയായി ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചശേഷം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു പുറത്തിറങ്ങിയ അൻവർ കീഴടങ്ങുന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. എന്നാൽ, ഇന്നലെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടശേഷം നടത്തിയ പ്രതികരണങ്ങളിൽ അദ്ദേഹം ആക്രമണോത്സുകനായി.
മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങനെയാണ് മുഖ്യമന്ത്രിയായത്? അദ്ദേഹം വീട്ടിൽനിന്നു വന്ന് ആയതല്ലല്ലോ? ഈ പാർട്ടിയല്ലേ മുഖ്യമന്ത്രിയാക്കിയത്? തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കാൻ അൻവറിനു ധൈര്യം കിട്ടിയത് എവിടെനിന്ന് എന്നതും പ്രധാനമാണ്. കേന്ദ്ര നേതാക്കൾപോലും ചോദിക്കാൻ ധൈര്യപ്പെടാത്ത ചോദ്യങ്ങളാണിത്.
സിപിഎമ്മിന്റെ പാർട്ടി സമ്മേളനങ്ങൾ തുടങ്ങിക്കഴിഞ്ഞ അവസരത്തിൽ അൻവർ ഉയർത്തുന്ന പല ചോദ്യങ്ങളും ഏറ്റുപിടിക്കാൻ ഉന്നത നേതാക്കളടക്കം പലരുമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ തെറ്റുതിരുത്തലുണ്ടാകുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ലെന്ന് വലിയൊരു വിഭാഗം വിലയിരുത്തുന്നുണ്ട്.
ഭരണവിരുദ്ധവികാരം നാൾക്കുനാൾ വർധിക്കുന്നുവെന്നതും ഇവരെ അസ്വസ്ഥരാക്കുന്നു. എന്നാൽ പരസ്യമായ ഏറ്റുമുട്ടലിന് ത്രാണിയില്ലാത്തവരാണ് മിക്ക മുതിർന്ന നേതാക്കളും. ഈ സാഹചര്യത്തിലാണ് അൻവറിനെ ചാവേറാക്കുന്നത് എന്നുവേണം സംശയിക്കാൻ. എന്തായാലും അൻവർ ഒറ്റയ്ക്കല്ലെന്നു വ്യക്തം.
കളികളിൽ മേൽക്കൈ കിട്ടുമെന്ന സൂചനയുണ്ടായാൽ ചരടുവലിക്കുന്നവർ വെളിച്ചത്തുവരും. അതിന് ജില്ലാ സമ്മേളനങ്ങൾവരെ കാത്തിരിക്കേണ്ടി വന്നേക്കാം. പൊളിറ്റിക്കൽ സെക്രട്ടറിയെയും എഡിജിപിയെയും സംരക്ഷിക്കാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി എത്രമാത്രം ഉറച്ചുനിൽക്കും എന്നതു സംബന്ധിച്ചും വ്യക്തതയില്ല. ഈ വിഷയങ്ങളിൽ മൗനംപാലിക്കുന്ന നേതാക്കൾ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടെന്ന് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
അതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ ഉന്നയിച്ച ആർഎസ്എസ് ബന്ധവും തൃശൂരിൽ ബിജെപിയെ വിജയിപ്പിക്കാൻ പൂരം കലക്കിയെന്നതു സംബന്ധിച്ച ആരോപണങ്ങളും പാർട്ടി സമ്മേളനവേദികളിൽ ചർച്ചയാകും.
“ദൈവത്തിനും പാർട്ടിക്കും മുന്നിലേ കീഴടങ്ങൂ”
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേയും താൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിന്മേൽ എന്തു നടപടി ഉണ്ടാകുമെന്ന കാര്യത്തിൽ എവിടെനിന്നും ഒരുറപ്പും ലഭിച്ചിട്ടില്ലെന്നു പി.വി. അൻവർ എംഎൽഎ.
ദൈവത്തിനും പാർട്ടിക്കും മുന്നിലേ കീഴടങ്ങൂ. വിപ്ലവം ഉണ്ടാകുന്നതു ജനകീയ മുന്നേറ്റത്തിലാണ്. അഴിമതിയും അക്രമവും നടത്തി സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരായ വിപ്ലവം തുടങ്ങിയിട്ടേയുള്ളൂ.
താൻ ഫോക്കസ് ചെയ്യുന്ന ചില കാര്യങ്ങളിൽനിന്ന് ഇപ്പോൾ മാറാൻ തയാറല്ല. താൻ കൊടുത്തതു സൂചനാ തെളിവുകളാണ്. ഇനി നടക്കേണ്ടത് അന്വേഷണമാണെന്നും സംസ്ഥാനത്തെ പോലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അൻവർ പറഞ്ഞു.
ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടതിനു ശേഷം പ്രതികരിക്കുകയായിരുന്നു പി.വി. അൻവർ. സാമൂഹിക പ്രതിബദ്ധതയുള്ള പാർട്ടിയാണു സിപിഎം. നല്ല ഉദ്യോഗസ്ഥർ കേരള പോലീസിലുണ്ട്. അത്തരത്തിലുള്ള ഉദ്യോഗസ്ഥരാവണം ഈ കേസ് അന്വേഷിക്കുന്നത്. അല്ലെങ്കിൽ താൻ കള്ളനായിപ്പോകും. വിശ്വസിച്ച് ഏൽപ്പിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു.
താൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരമാണ്. ആരോപണങ്ങളിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്നു പ്രതീക്ഷയുണ്ട്. എഡിജിപിയെ മാറ്റേണ്ടതു താനല്ല. അജിത്കുമാർ ചുമതലയിൽ തുടരുന്പോൾ നിഷ്പക്ഷ അന്വേഷണം എങ്ങനെ നടക്കുമെന്നുള്ള ചോദ്യംതന്നെയാണു തനിക്കുമുള്ളതെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രിക്കു നൽകിയ പരാതി തന്നെയാണു പാർട്ടി സെക്രട്ടറിക്കും നൽകിയത്. താൻ പരാതിയുമായി മുന്നോട്ടു പോകും. പാർട്ടിയാണു പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയത്. ആ ഉത്തരവാദിത്വം അദ്ദേഹം ഭംഗിയായി നിർവഹിക്കുന്നുണ്ട്. മുഖ്യമന്ത്രിയിൽ തനിക്കു പൂർണവിശ്വാസമാണെന്നും പി.വി.അൻവർ പറഞ്ഞു.
എഡിജിപിക്കെതിരേ ഉടൻ അന്വേഷണമില്ല
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ തിടുക്കപ്പെട്ടുള്ള അന്വേഷണം വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബിന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. ഒരുമാസത്തെ കാലയളവു നൽകിയിട്ടുള്ള സാഹചര്യത്തിൽ വേഗത്തിലുള്ള തീരുമാനം വേണ്ടെന്നാണു നിലപാട്.
അൻവറിന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം പ്രത്യേക അന്വേഷണ സംഘം വീണ്ടും യോഗം ചേർന്ന ശേഷം തുടരന്വേഷണ കാര്യത്തിൽ തീരുമാനമെടുക്കും. അതേസമയം, അജിത് കുമാറിനെ ക്രമസമാധാനപാലന ചുമതലയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ തയാറായിട്ടില്ല.
അജിത്കുമാർ കേരളത്തിന്റെ ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപിയായിരിക്കുന്പോഴാണ് അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർ അജിതിനെതിരേയുള്ള ആരോപണങ്ങൾ അന്വേഷിക്കുക. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ സുജിത് ദാസ് ഇന്നലെ രാവിലെ 10നു മുൻപ് സംസ്ഥാന പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.
സുജിത് ദാസിന് പകരം ചുമതല നൽകിയിട്ടില്ല. ഇന്നും അദ്ദേഹം പോലീസ് ആസ്ഥാനത്ത് എത്തണം. ഡിജിപിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് സുജിതിന് ചുമതല നൽകേണ്ടത്.