കാലാവസ്ഥാ വ്യതിയാനത്തിൽനിന്നും സ്വാതന്ത്ര്യം നേടുക
Thursday, August 15, 2024 1:25 AM IST
തിരുവനന്തപുരം: നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വർഷത്തിലേക്കു കടക്കുകയാണിന്ന്. സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണ്.
എന്നാൽ, അത്രയേറെ ഉള്ളുതുറന്ന് സന്തോഷിക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിലല്ല, നാമിന്നുള്ളത്. വയനാട്ടിലുണ്ടായ പ്രകൃതിദുരന്തം നമ്മുടെ നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഓർമകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് വയനാട്ടിലെ ദുരന്തം. അവ ഏൽപ്പിക്കുന്ന ആഘാതം ഇന്ന് വളരെ വലുതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോട് അടുക്കുമ്പോൾ ഭരണഘടനാ ഭേദഗതികളിലൂടെയും നിയമനിർമാണങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണം എന്നത് നമ്മിൽ അർപ്പിക്കപ്പെട്ട ഉത്തരവാദിത്വമായി മാറി.
ആഗോളതലത്തിൽത്തന്നെ കൂട്ടായ ഇടപെടലുകളിലൂടെ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ ചെറുത്തു തോൽപ്പിക്കാൻ കഴിയൂ. എന്നാൽ, പ്രാദേശിക തലങ്ങളിൽത്തന്നെ അതിനുതകുന്ന മുൻകൈകൾ ആത്മാർഥതയോടെ ഏറ്റെടുക്കാൻ നമുക്കു കഴിയേണ്ടതുണ്ട്.
ആഗോളതാപനത്തിൽനിന്നും കാലാവസ്ഥാ വ്യതിയാനത്തിൽനിന്നും സ്വാതന്ത്ര്യം നേടുക എന്ന നിലയിലേക്കു നമ്മുടെ കാഴ്ചപ്പാടുകളെ വിശാലമാക്കേണ്ടതുണ്ട്. അതിനുള്ള തുടക്കം ഈ 78-ാം സ്വാതന്ത്ര്യദിനത്തിൽ നമുക്കു കുറിക്കാൻ കഴിയണം.