പെരുമഴ വരുന്നു ; 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
Wednesday, August 14, 2024 2:04 AM IST
തിരുവനന്തപുരം: അടുത്ത നാലു ദിവസം സംസ്ഥാനത്ത് മഴ തിമിര്‍ത്തു പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചില പ്രദേശങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ട്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്നും ഇടുക്കി ജില്ലയില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ നാളെയും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വെള്ളിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
രണ്ടു ദിവസമായി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം നല്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.