ഇതര സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ സർക്കാരിന്റെ ഭരണനേട്ടങ്ങൾ പരസ്യമായെത്തും
Wednesday, August 14, 2024 1:50 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനനേട്ടങ്ങൾ ഇതരസംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ പരസ്യം നല്കാൻ സർക്കാർ. മലയാളികൾ കൂടുതൽ താമസിക്കുന്ന ഇതരസംസ്ഥാനങ്ങളിലെ സിനിമാ തിയറ്ററുകൾ കേന്ദ്രീകരിച്ച് കേരളത്തെ സംബന്ധിച്ചുള്ള പരസ്യങ്ങൾ നല്‍കാനാണു തീരുമാനം.
90 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യങ്ങൾ 28 ദിവസം വരെ പ്രദർശിപ്പിക്കും. കേരളത്തിന്റെ സവിശേഷനേട്ടങ്ങൾ, ഭരണനേട്ടങ്ങൾ, വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ മാതൃകകൾ എന്നിവ വിശദീകരിച്ചുള്ള തിയറ്റർ പരസ്യങ്ങൾ അഞ്ചു സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കാനാണു തീരുമാനം.
മലയാളി സാന്നിധ്യമേറെയുള്ള കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിലെ നഗരപരിധിയിലുള്ള 100 തിയറ്ററുകളിലാണ് 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പ്രദർശിപ്പിക്കുക.
പ്രദർശനം ക്രമീകരിക്കാൻ പിആർഡിയുടെ എംപാനൽഡ് ഏജൻസികൾ, സാറ്റലൈറ്റ് ലിങ്ക് വഴി തിയറ്ററുകളിൽ സിനിമാപ്രദർശനം നടത്തുന്ന ക്യൂബ്, യുഎഫ്ഒ എന്നിവയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.
ഇന്റർസ്റ്റേറ്റ് പബ്ലിക് റിലേഷൻസ് പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതിനായുള്ള 18. 19 ലക്ഷം രൂപയും അനുവദിക്കാൻ ഉത്തരവായി.