മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്
Wednesday, August 14, 2024 1:50 AM IST
കൊച്ചി: മാവോയിസ്റ്റ് സംഘടന മുന്‍ കേന്ദ്രകമ്മിറ്റി അംഗം മുരളി കണ്ണമ്പിള്ളിയുടെ എറണാകുളം തൃക്കാക്കര തേവയ്ക്കലിലെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്.
ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു. ഇന്നലെ രാവിലെ 6.15നു പുറകുവശത്തെ കതക് പൊളിച്ചാണ് ഹൈദരാബാദില്‍നിന്നുള്ള എട്ടംഗ എന്‍ഐഎ സംഘം വീടിനുള്ളില്‍ കടന്നത്.
ഹൃദ്രോഗിയായ മുരളി ഈ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ എന്‍ഐഎ പിടിച്ചെടുത്തു. മാവോയിസ്റ്റ് പശ്ചിമഘട്ടമേഖലാ കമ്മിറ്റിയിലെ പ്രമുഖ നേതാവായ സഞ്ജയ് ദീപക് റാവുവിനെതിരേ ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു റെയ്ഡ്.
സഞ്ജയ് ദീപക് റാവുവിന്റെ അടുത്ത അനുയായിയാണ് മുരളിയെന്ന് എന്‍ഐഎ അധികൃതര്‍ പറഞ്ഞു.
നാലു വര്‍ഷത്തോളം പൂന യേര്‍വാഡ ജയിലിലായിരുന്ന മുരളി കണ്ണമ്പിള്ളി 2019 ലാണ് ജയില്‍മോചിതനായത്. കൊച്ചി ഇരുമ്പനം സ്വദേശിയായ ഇദ്ദേഹം 1976ലെ കായണ്ണ പോലീസ് സ്റ്റേഷന് ആക്രമണക്കേസില്‍ പ്രതിയായിരുന്നു.