പാലരുവിയിൽ ഇനി ആളൊഴുകും
Wednesday, August 14, 2024 1:50 AM IST
തൃശൂർ: തിരുനെൽവേലി-പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസിൽ ഇന്നുമുതൽ തിരുനെൽവേലിയിൽനിന്നും, നാളെമുതൽ പാലക്കാട്ടുനിന്നും സ്ഥിരമായി നാലു കോച്ചുകൾ അധികം ഘടിപ്പിക്കുമെന്നു റെയിൽവേ അറിയിച്ചു.
ഒരു സ്ലീപ്പർ കോച്ചും മൂന്നു സാധാരണ കോച്ചുകളുമാണ് അധികമായി ചേർക്കുന്നത്. ഇതോടെ ഈ ട്രെയിനിൽ 18 കോച്ചുകൾ ഉണ്ടാകും.
പാലരുവി എക്സ്പ്രസ് നാളെ മുതൽ തൂത്തുക്കുടിവരെ നീട്ടാനും സാധ്യതയുണ്ട്. പുനലൂർ ചെങ്കോട്ട മേഖലയിൽ 18 കോച്ചുകളുള്ള ട്രെയിൻ സർവീസ് നടത്താൻ റെയിൽവേ സുരക്ഷാ കമ്മീഷണർ അനുമതി നൽകിയതുമുതൽ യാത്രികർ ഈ ആവശ്യം ഉന്നയിച്ചുവരികയായിരുന്നു.
16327/16328 ഗുരുവായൂർ-മധുര എക്സ്പ്രസിൽക്കൂടി ഇതുപോലെ നാലു കോച്ചുകൾ കൂട്ടി 18 കോച്ചുകൾ അനുവദിക്കണമെന്ന് യാത്രികർ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.