ഓണം: ഖാദി ബോർഡും കെഎസ്എഫ്ഇയും ചേർന്ന് സമ്മാനപദ്ധതി
Wednesday, August 14, 2024 1:50 AM IST
തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡും കെഎസ്എഫ്ഇയും കൈകോർത്ത് ഓണക്കാലത്ത് സമ്മാനപദ്ധതി ഒരുക്കുമെന്ന് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു.
കെഎസ്എഫ്ഇ ഗാലക്സി ചിട്ടി നറുക്കെടുപ്പ് വിജയികൾക്ക് ഖാദി സെറ്റും മുണ്ടുമാണ് സമ്മാനമായി നൽകുക. ഓരോ ചിട്ടിയിലും പത്തിൽ ഒരാൾക്ക് വീതമാണ് സമ്മാനം നൽകുക.
3500 രൂപ വിലയുള്ള സമ്മാനക്കിറ്റാണ് വിജയികൾക്ക് ലഭിക്കുക. 25,000 കിറ്റുകൾക്കാണ് കെഎസ്എഫ്ഇ ഖാദി ബോർഡിന് ഓർഡർ നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചിട്ടി നറുക്കെടുപ്പിൽ കെഎസ്എഫ്ഇ നൽകുന്ന മെഗാ സമ്മാനങ്ങൾക്ക് പുറമെയാണിത്. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത വ്യവസായങ്ങൾ വലിയ വെല്ലുവിളി നേരിടുന്ന ഈ അവസരത്തിൽ ഖാദി ബോർഡിനു ലഭിച്ച വലിയ സഹായമാണ് ഓർഡറെന്ന് പി. ജയരാജൻ പറഞ്ഞു.
ആദ്യ സമ്മാനം നൽകലും ഖാദി ബോർഡിന്റെ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും ഓഗസ്റ്റ് 19 ന് വൈകുന്നേരം അഞ്ചിന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ ധന മന്ത്രി കെ.എൻ. ബാലഗോപാൽ, വ്യവസായ മന്ത്രി പി. രാജീവ് എന്നിവർ പങ്കെടുക്കും.
ഓണക്കാലത്തോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങളുടെയും വൈവിധ്യമാർന്ന ഗ്രാമവ്യവസായ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ടെന്നും മുൻ വർഷങ്ങളിലേതു പോലെ തന്നെ 30 ശതമാനം വരെ റിബേറ്റും സർക്കാർ, അർധ സർക്കാർ, പൊതുമേഖല ജീവനക്കാർക്ക് ഒരുലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ഓണസമയത്തുള്ള സമ്മാന പദ്ധതിയായി ജില്ലകൾ തോറും ആഴ്ചയിൽ ഒരിക്കൽ നടക്കുന്ന നറുക്കെടുപ്പിൽ ഓരോ 1000 രൂപയുടെ പർച്ചേസിനും ലഭിക്കുന്ന കൂപ്പണിലൂടെ ഒന്നാം സമ്മാനമായി 5000 രൂപയുടെ ഖാദി ഉത്പന്നങ്ങളും രണ്ടാം സമ്മാനമായി 3000 രൂപയുടെ ഖാദി ഉത്്പന്നങ്ങളും മൂന്നാം സമ്മാനമായി 1000 രൂപയുടെ ഖാദി ഉത്പന്നങ്ങളും ലഭിക്കും. ഈ കൂപ്പൺ ഉപയോഗിച്ച് മൊത്തം തുകയുടെയും ഖാദി വസ്ത്രങ്ങൾ വാങ്ങാനാവും. പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്നതും ശരീരത്തിന് ഇണങ്ങുന്നതുമായ ഖാദി വസ്ത്രങ്ങൾ വിപണിയിൽ ഇറക്കിയാണ് ഓണവിൽപ്പനയ്ക്ക് ഒരുങ്ങുന്നത്.
ഡിജിറ്റൽ പ്രിന്റിംഗ് ഡിസൈനിൽ ചെയ്ത സ്ലിം ഷർട്ടുകൾ, മസ്ലിൻ കോട്ടൺ സാരികൾ, കുർത്തകൾ, ‘ഖാദികൂൾ’ എന്ന പേരിൽ പുറത്തിറക്കിയ പാന്റ്സുകൾ, മസ്ലിൻ ഡബിൾ മുണ്ടുകൾ, കുപ്പടം മുണ്ടുകൾ, കളർ മുണ്ടുകൾ, റെഡിമേഡ് ഷർട്ടുകൾ, ലേഡീസ് ടോപ്പുകൾ, ബെഡ് ഷീറ്റുകൾ, കിടക്കകൾ തുടങ്ങിയവ മേളയിൽ ലഭിക്കും.
സർക്കാർ ജീവനക്കാരും അധ്യാപകരും ആഴ്ചയിലൊരിക്കൽ ഖാദി വസ്ത്രം ധരിക്കണമെന്ന സർക്കാർ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചകൾ നടന്നുവരികയാണെന്നും മികച്ച സഹകരണമാണ് അവരുടെ ഭാഗത്ത് നിന്നുള്ളതെന്നും പി. ജയരാജൻ പറഞ്ഞു.
കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, ഖാദിബോർഡ് അംഗങ്ങളായ കെ.എ. രതീഷ്, എസ്. ശിവരാമൻ, സാജൻ തോമസ് തൊടുകയിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.