കാഫിര്‍ സ്ക്രീന്‍ ഷോട്ടുകള്‍ ; പ്രചരിച്ചത് ഇടതു പ്രൊഫൈലുകളില്‍; മെറ്റ കമ്പനിയും പ്രതി
Wednesday, August 14, 2024 1:50 AM IST
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് വടകര മണ്ഡലത്തില്‍ പ്രചരിച്ച ‘ കാഫിര്‍’ സ്ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട കേസില്‍ മെറ്റ കമ്പനിയെ പോലീസ് പ്രതിചേര്‍ത്തു.
ഫേസ്ബുക്ക്, വാട്സാപ്പ് സന്ദേശങ്ങളുടെ വിവരങ്ങള്‍ കൈമാറാത്തതിനാലാണു മാതൃസ്ഥാപനമായ മെറ്റയെ മൂന്നാം പ്രതിയായി ചേര്‍ത്തത്. കാഫിര്‍ വ്യാജ പോസ്റ്റിന്റെ ഉറവിടം റെഡ് ബറ്റാലിയന്, റെഡ് എന്‍കൗണ്ടേഴ്സ് എന്നീ വാട്ട്സാപ്പ് ഗ്രൂപ്പുകളാണെന്നും പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.
അമ്പലമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് മനീഷ്, സജീവ് എന്നിവരുടെ പേരിലെടുത്ത രണ്ട് ഫോണ്‍ നമ്പറുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. മനീഷാണ് അമ്പമുക്ക് സഖാക്കള്‍ എന്ന പേജിന്റെ അഡ്മിന്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
റെഡ് ബറ്റാലിയന് എന്ന വാട്സാപ്പ് ഗ്രൂപ്പില്‍നിന്നാണു മനീഷിന് വിവാദ പോസ്റ്റ് കിട്ടിയതെന്നു ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. അമല്റാം എന്നയാളാണ് റെഡ് ബറ്റാലിയന് ഗ്രൂപ്പില്‍ ഇത് പോസ്റ്റ് ചെയ്തത്. പോരാളി ഷാജിയെന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വിവാദ പോസ്റ്റ് ഇട്ടത് വഹാബ് എന്നയാളാണ്. ഏതോ വാട്സാപ്പില്‍നിന്നാണ് ഇത് കിട്ടിയതെന്നാണ് ഇയാളുടെ മൊഴി.
വിവാദ കാഫിര്‍ പോസ്റ്റ് കൃത്രിമമായി ഉണ്ടാക്കിയവരെ കണ്ടെത്തണമെങ്കില്‍ മെറ്റ കമ്പനി വിവരം നല്‍കണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം നല്കിയ ഹര്‍ജിയിലാണ് പോലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഫേസ്ബുക്കിന്റെ നോഡല്‍ ഓഫീസറായ അശ്വിന് മധുസൂദനന് സമന്‍സ് അയച്ച് വിളിച്ചു വരുത്തുന്നതിന് വടകര മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.