മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ്; തിരുവനന്തപുരം മെഡിക്കൽ കോളജ് രാജ്യത്ത് ആറാമത്
Wednesday, August 14, 2024 1:49 AM IST
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിനും തിരുവനന്തപുരം സർക്കാർ ഡെന്റൽ കോളജിനും മികച്ച നേട്ടം.
സർക്കാർ മെഡിക്കൽ കോളജുകൾ മാത്രമുള്ള വിഭാഗത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിനു രാജ്യത്ത് ആറാമതെത്താനും ദന്തൽ കോളജിന് അഞ്ചാമതെത്താനുമായി.
എല്ലാ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പട്ടികയിൽ തിരുവന്തപുരം മെഡിക്കൽ കോളജ് 42 -ാം സ്ഥാനത്തും ദന്തൽ കോളജ് 21-ാം സ്ഥാനത്തുമാണുള്ളത്. എല്ലാ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പട്ടികയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് കഴിഞ്ഞ തവണത്തെ 44-ാം സ്ഥാനത്തും ഡെന്റൽ കോളജ് 25-ാം സ്ഥാനത്തുമായിരുന്നു.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ പുരോഗതിക്കുള്ള അംഗീകാരമാണു ദേശീയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗിൽ കേരളം ഇടംപിടിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.