റെയിൽപ്പാത: കേന്ദ്രമന്ത്രിയുടെ മറുപടി തെറ്റിദ്ധരിപ്പിക്കാനെന്ന് മുഖ്യമന്ത്രി
Friday, August 9, 2024 2:21 AM IST
തിരുവനന്തപുരം: അങ്കമാലി - ശബരി റെയിൽപ്പാത നിർമാണവുമായി ബന്ധപ്പെട്ടു കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിൽ നൽകിയ മറുപടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
റെയിൽവേയുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ നിന്നുമുള്ള ഒളിച്ചോട്ടമാണിത്. 1997-98ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി-ശബരി പാത. എല്ലാവിധ പിന്തുണയും ഇക്കാര്യത്തിൽ സംസ്ഥാനം നൽകിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അലൈൻമെന്റ് അംഗീകരിച്ച് അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്ററിൽ സ്ഥലം ഏറ്റെടുക്കൽ ആരംഭിച്ചു. പദ്ധതി ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്നും ഉറപ്പു നൽകി. പദ്ധതിയുമായി മുന്നോട്ടു പോകാതെ അലംഭാവം കാണിച്ചതു കേന്ദ്ര സർക്കാരും റെയിൽവേയുമാണ്.
കേന്ദ്രത്തിന്റെ കാലതാമസം കാരണം ശബരി പാതയുടെ എസ്റ്റിമേറ്റിൽ വൻ വർധനവുണ്ടായി. ആദ്യ എസ്റ്റിമേറ്റു പ്രകാരം ചെലവ് 2815 കോടിയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3811 കോടിയായി. ഇതിന്റെ ഭാരവും സംസ്ഥാനം വഹിക്കണമെന്നാണു കേന്ദ്രം സ്വീകരിച്ച നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.