വയനാട് പുനരധിവാസം: കെസിബിസി-ദീപിക പദ്ധതി പ്രവർത്തനങ്ങൾക്കു തുടക്കം
Friday, August 9, 2024 2:21 AM IST
കൽപ്പറ്റ: കേരള കത്തോലിക്കാ മെത്രാൻസമിതിയും ദീപികയും ചേർന്ന് വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും നടപ്പിലാക്കാൻ തീരുമാനിച്ച പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ ദുരന്ത പുനരധിവാസ ആലോചനാസമിതി അംഗങ്ങൾ വയനാട്ടിലെത്തി.
കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, കെസിബിസിയുടെ ദുരന്ത പുനരധിവാസ കമ്മിറ്റി അംഗങ്ങളായ ഫാ. റൊമാൻസ് ആന്റണി, ഫാ. ജോർജ് വെട്ടിക്കാട്ടിൽ എന്നിവരാണ് സംഘത്തിലുള്ളത്.
മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ റവന്യു മന്ത്രി കെ. രാജൻ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, ടി. സിദ്ദിഖ് എംഎൽഎ, കളക്ടർ ഡി.ആർ. മേഖശ്രീ, മുണ്ടക്കൈ ദുരന്തം സ്പെഷൽ ഓഫീസർ ശീറാം സാംബശിവറാവു എന്നിവരുമായി സമിതി അംഗങ്ങൾ ചർച്ചനടത്തി.
100 ഭവനങ്ങളുടെ നിർമാണം, ഗൃഹോപകരണങ്ങളും ജീവനോപാധികളും ലഭ്യമാക്കൽ, മാനസികാരോഗ്യം വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ തുടങ്ങിയവ സർക്കാരുമായി സഹകരിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം.
വയനാട്, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന അഞ്ച് രൂപതകളുടെ സാമൂഹ്യ സേവന വിഭാഗങ്ങൾ ഉരുൾപൊട്ടലിനെതുടർന്നു നടത്തിയ അടിയന്തര ഇടപെടലുകളുടെ തുടർച്ചയായാണ് കെസിബിസിയുടെ നേതൃത്വത്തിൽ കേരള സോഷ്യൽ സർവീസ് ഫോറത്തിലൂടെ സുസ്ഥിര പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
സംസ്ഥാന സർക്കാർ പ്രതിനിധികളുമായും ജില്ലാ ഭരണാധികാരികളുമായും വയനാട്ടിൽ പ്രവർത്തിക്കുന്ന അഞ്ചു രൂപതകളുടെ സാമൂഹ്യ സേവന പ്രസ്ഥാനങ്ങളുമായും ചർച്ചനടത്തി. സംഘടനകൾ, ജനപ്രതിനിധികൾ തുടങ്ങിയവരുമായി കെസിബിസി രൂപം നല്കിയിട്ടുള്ള കർമപദ്ധതികൾ നടപ്പിലാക്കുന്നതു സംബന്ധിച്ച ചർച്ചകൾനടത്തി.
ദുരന്ത സ്ഥലം, ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി, കൈക്കാരൻമാർ, ഉരുൾപൊട്ടലിൽനിന്ന് രക്ഷപെട്ട സമീപ പ്രദേശത്തെ വീടുകൾ എന്നിവ സമിതി അംഗങ്ങളും ഡബ്ല്യുഎസ്എസ്എസ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ശ്രേയസ് ഡയറക്ടർ ഫാ. ഡേവിഡ് ആലുങ്കൽ, മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ, പെരിക്കല്ലൂർ പള്ളിവികാരി ഫാ. ജോർജ് കപ്പുകാട്ടിൽ എന്നിവരും സന്ദർശിച്ചു. കെസിബിസിയുടെ ദുരന്ത പുനരധിവാസ കമ്മിറ്റി അംഗങ്ങൾ രൂപത സാമൂഹ്യ സേവന വിഭാഗം ഡയറക്ടർമാരോടു ചേർന്ന് ചർച്ചകളും പ്രവർത്തന മാർഗരേഖാരൂപീകരണവും നടത്തി അന്തിമറിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. പഠന സംഘം ഇന്ന് കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടൽ നടന്ന പ്രദേശവും സന്ദർശിക്കും.