ഓണത്തിനു മിൽമയുടെ നന്മ; കർഷകന് പാലിന് അധിക വില
Friday, August 9, 2024 2:21 AM IST
കൊച്ചി: സ്വതന്ത്ര്യദിനം, ഓണം എന്നിവയോടനുബന്ധിച്ച് മില്‍മ എറണാകുളം മേഖലാ യൂണിയന് സംഭരിക്കുന്ന പാൽ ലിറ്ററിന് പത്തു രൂപ അധിക പ്രോത്സാഹന വിലയായി നല്‍കുമെന്ന് ചെയര്മാന് എം.ടി.ജയന് അറിയിച്ചു.
എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തില്‍പ്പരം ആനന്ദ് മാതൃക ക്ഷീരസംഘങ്ങളില്‍നിന്ന് ഈമാസം 11 മുതല്‍ സെപ്റ്റംബര്‍ 30 വരെ സംഭരിക്കുന്ന പാലിനാണു പ്രോത്സാഹന വില നൽകുന്നത്.
സംഘത്തിനു ലഭിക്കുന്ന പ്രോത്സാഹന വിലയിൽ കര്‍ഷകര്‍ക്ക് ലിറ്ററിന് അഞ്ചു രൂപ വീതം ലഭിക്കും. നാലു രൂപ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള സംഘത്തിന്റെ ദൈനംദിന ചെലവുകള്‍ക്ക് ഉപയോഗിക്കാം. ഒരു രൂപ മേഖലാ യൂണിയന്റെ ഓഹരിയായി അംഗസംഘങ്ങള്‍ക്ക് വകയിരുത്തും.
ഈയിനത്തില്‍ 50 ദിവസം കൊണ്ട് 12 കോടി രൂപ മേഖലാ യൂണിയന്റെ പരിധിയില്‍ വരുന്ന മധ്യകേരളത്തില്‍ വിതരണം ചെയ്യും. സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കുമായി സംഭരണമേഖലയില്‍ 14 കോടി രൂപയുടെ പിആന്‍ഡ്ഐ പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷത്തില്‍ നടപ്പിലാക്കുമെന്നും ചെയര്മാന് പറഞ്ഞു.