കേന്ദ്ര വനം മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
Friday, August 9, 2024 2:21 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിന് കാരണം അനധികൃത കുടിയേറ്റങ്ങളും കൈയേറ്റങ്ങളുമാണെന്ന തരത്തിൽ ദുരന്തത്തിന്റെ ഇരകളെ അനധികൃത കൈയേറ്റക്കാരായി ചിത്രീകരിക്കുന്ന പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രൻ കത്തയച്ചു.
ഇരകളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് തീർത്തും അപലപനീയമാണ്. ദുരന്തത്തിന് ഇരകളായവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും രക്ഷാപ്രവർത്തകർ വീണ്ടെടുക്കുന്ന വേളയിൽ ഈ പ്രസ്താവന വേദനാജനകമാണെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ദുരന്തങ്ങളെ നേരിടാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ തമ്മിൽ സഹകരണം അനിവാര്യമാണെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.