ബ്രദർ ഗബ്രിയേൽ പഴയാറ്റിലിന്റെ ഒന്നാം ചരമവാർഷികം നാളെ
Friday, August 9, 2024 2:21 AM IST
തൃശൂർ: എംഎംബി സന്യാസസഭയുടെ മുൻ സുപ്പീരിയർ ജനറൽ ബ്രദർ ഗബ്രിയേൽ പഴയാറ്റിലിന്റെ ഒന്നാം ചരമവാർഷികം നാളെ ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിൽ ആചരിക്കും.
രാവിലെ പത്തിന് ദിവ്യബലിക്ക് ഹൊസൂർ ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറന്പിൽ മുഖ്യകാർമികത്വം വഹിക്കും. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ, ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. വിൽസൻ ഈരത്തറ എന്നിവരും മറ്റു വൈദികരും സഹകാർമികരാകും.
തുടർന്ന് 11.30ന് പള്ളി ഹാളിൽ നടത്തുന്ന അനുസ്മരണയോഗം ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും.
എംഎംബി കേരള പ്രൊവിൻഷ്യൽ റവ.ഡോ. ജെയ്സൺ കാളൻ, സുപ്പീരിയർ ജനറൽ ബ്രദർ ബാസ്റ്റിൻ കരുവേലി, പ്രൊവിൻഷൽ സുപ്പീരിയർ ബ്രദർ ജോസ് ചുങ്കത്ത്, പ്രജ്യോതിനികേതൻ കോളജ് സ്ഥാപക ഡയറക്ടർ റവ.ഡോ. ഹർഷജൻ പഴയാറ്റിൽ, ഫാ. ജോൺസൺ തറയിൽ, മുൻ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, എം.പി. ജാക്സൺ, ലത ചന്ദ്രൻ, ലളിത ബാലൻ, ഷീന രാജൻ, ജോസ് ചിറ്റിലപ്പിള്ളി, സുനിൽകുമാർ, ഫാ. പോൾ ഇളങ്കുന്നപ്പുഴ, റവ.ഡോ. ജോർജ് നെരേപ്പറന്പിൽ, സിസ്റ്റർ ഡൊളോറസ് പഴയാറ്റിൽ, തോമസ് ആന്റണി പൊതപറന്പിൽ, ജനറൽ കൺവീനർ പഴയാറ്റിൽ ലോനപ്പൻ ഷാജു എന്നിവർ പ്രസംഗിക്കും.
ലളിതജീവിതം മുഖമുദ്രയാക്കി പാവങ്ങളോടു പക്ഷംചേർന്ന് അവർക്കായി ജീവിതം സമർപ്പിച്ച കർമയോഗിയായിരുന്നു ആനന്ദപുരം പഴയാറ്റിൽ പൗലോസ് - റോസമ്മ ദന്പതികളുടെ മകനായ ബ്രദർ ഗബ്രിയേൽ പഴയാറ്റിൽ.
അശരണരിലും ആലംബഹീനരിലും ക്രിസ്തുവിനെ ദർശിച്ച് അവർക്കായി സ്നേഹശുശ്രൂഷ ചെയ്യുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. ക്രിസ്തുവിനെപ്രതിയുള്ള തീക്ഷ്ണതയാൽ വിശുദ്ധ ഫ്രാൻസിസ് അസീസിയെപ്പോലെ വീടുവിട്ടിറങ്ങിയ ഗബ്രിയേൽ കാരുണ്യത്തിനു പുത്തൻഭാഷ്യം ചമച്ചു. വൃദ്ധജനങ്ങളുടെ ക്ഷേമംമാത്രം ലക്ഷ്യംവച്ച് വീടുവീടാന്തരം കയറിയിറങ്ങി പിടിയരി പിരിക്കുവാൻ ബ്രദർ ഗബ്രിയേൽ ഏറെ ഉത്സുകനായിരുന്നു.