വൈദ്യുതി നിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി
Thursday, August 8, 2024 2:27 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നല്കി.
നടപ്പു സാമ്പത്തിക വര്‍ഷം യൂണിറ്റിന് 34 പൈസ കൂട്ടണമെന്നും മൂന്നു വര്‍ഷത്തേക്കുള്ള നിരക്ക് വീണ്ടും കൂട്ടി നിശ്ചയിക്കണമെന്നുമാണ് ആവശ്യം.
മാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വീട്ടുകാര്‍ക്കും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും രാത്രിയും പകലും വ്യത്യസ്ത നിരക്കുകള്‍ ഏര്‍പ്പെടുത്തണം. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ഇവര്‍ക്ക് 10 ശതമാനം ഇളവും രാത്രി 11 വരെ അഞ്ച് ശതമാനം വര്‍ധനവും ഏര്‍പ്പെടുത്തണമെന്നും അപേക്ഷയില്‍ അവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടൊപ്പം എല്ലാ സോളാര്‍ വൈദ്യുതി ഉത്പാദകര്‍ക്കും ടൈം ഓഫ് ദ ഡേ മീറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പകല്‍ ഉത്പാദിപ്പിക്കുന്നതിന്റെ 80 ശതമാനം യൂണിറ്റുകള്‍ മാത്രം ഇവര്‍ക്ക് തിരിച്ചു നല്‍കാം, അതില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ പണം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് അപേക്ഷയിലുള്ളത്.
ഇക്കാര്യങ്ങളില്‍ റെഗുലേറ്ററി കമ്മീഷന് വിശദമായ പരിശോധന നടത്തും. അതിനു ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ.