ലിഫ്റ്റ് പൊട്ടി വീണ് ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
Thursday, August 8, 2024 2:27 AM IST
കൊച്ചി: ഇടപ്പള്ളി ഉണിച്ചിറയില്‍ സ്വകാര്യ ഗോഡൗണിലെ സര്‍വീസ് ലിഫ്റ്റ് പൊട്ടി വീണ് ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഉണിച്ചിറ പൂളിലെ സിഐടിയു തൊഴിലാളിയായ വട്ടേക്കുന്നം മലേതൈക്കാവിന് സമീപം താമസിക്കുന്ന നെടുംപുറത്ത് പരേതനായ ഖാദറിന്റെ മകന് നസീര്‍ (47) ആണ് മരിച്ചത്.
സ്വകാര്യ ഗോഡൗണില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ കയറ്റി ഇറക്കുന്നതനിടെ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം.
ലോഡ് കയറ്റിയ ശേഷം മൂന്നാം നിലയിലേക്ക് പോയ ലിഫ്റ്റിന്റെ അടിഭാഗത്ത് കിടന്നിരുന്ന മരക്കഷണം നീക്കാന്‍ ശ്രമിക്കുന്നതിനിടെ പൊടുന്നനെ റോപ്പ് പൊട്ടി ലോഡ് സഹിതം ലിഫ്റ്റ് ഇയാളുടെ തലയില്‍ പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നസീറിനെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് വട്ടേക്കുന്നം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും. മാതാവ്: ബീവി. ഭാര്യ: ഫൗസിയ. മക്കള്‍: അന്‍സിയ, അന്‍സില്‍. മരുമകള്‍: യാസിന്.