ദുരിതബാധിതരെ വായ്പയുടെ പേരിൽ പീഡിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുക്കും
Thursday, August 8, 2024 1:23 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരെ മുൻകാല വായ്പയുടെയും പണമിടപാടുകളുടെയും കാര്യത്തിൽ പീഡിപ്പിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കെതിരേ സർക്കാർ ശക്തമായ നടപടി സ്വീകരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം.
ദുരന്തത്തിന് ഇരയായി ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരെപ്പോലും ചില സ്വകാര്യ പണമിടപാടു സ്ഥാപനങ്ങൾ ദ്രോഹിക്കുന്നതായി നിരവധി പരാതികളാണ് ലഭിക്കുന്നതെന്നു വയനാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ മാനേജ്മെന്റുമായി സർക്കാർ പ്രതിനിധികൾ സംസാരിക്കുമെന്നും തുടർന്നും ഇത്തരം നിലപാട് ധനകാര്യ മാനേജ്മെന്റുകൾ തുടർന്നാൽ സംസ്ഥാന സർക്കാർ അതിനെ നേരിടാനുമാണു തീരുമാനം. വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളെ ദുരന്തബാധിത വില്ലേജുകളായി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഈ പ്രദേശങ്ങളിലെ ജനങ്ങൾക്കെതിരേ ഇത്തരം നടപടി സ്വീകരിക്കുന്നവർക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം ആവശ്യമായ കേസുകൾ എടുക്കാൻ കഴിയുമെന്ന വിലയിരുത്തലുമുണ്ടായി.
ഉറ്റവരെയും കൂടെപ്പിറപ്പുകളെയും നഷ്ടപ്പെട്ട വേദനയുമായി ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്നവരെ മുൻ പണമിടപാടിന്റെ പേരിൽ ചില സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ പണം തിരിച്ചടയ്ക്കാൻ ഈ ഘട്ടത്തിൽ നിർബന്ധിക്കുന്നു എന്നത് അപലപനീയവും മനുഷ്യത്വരഹിതവുമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തിൽ കുറിക്കുകയും ചെയ്തു.