ലഗേജിൽ ബോംബുഭീഷണി; വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ
Thursday, August 8, 2024 1:23 AM IST
നെടുമ്പാശേരി : വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ലഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരൻ പിടിയിലായി. ഇതേതുടർന്ന് രണ്ടു മണിക്കൂർ വിമാനം വൈകി .
ഇന്നലെ പുലർച്ചെ തായ് എയർലൈൻസ് വിമാനത്തിൽ തായ്ലൻഡിലേക്ക് പോകാനെത്തിയ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് പിടിയിലായത്.
ആഫ്രിക്കയിൽ ബിസിനസ്കാരനായ ഇയാൾ ഭാര്യയും മകനും മറ്റു നാല് പേരോടുമൊപ്പമാണ് തായ്ലൻഡിലേക്ക് പോകാനെത്തിയത്. ബാഗേജ് പരിശോധന നീണ്ടപ്പോഴാണ് ബാഗിൽ ബോംബാണെന്ന് ഇയാൾ പറഞ്ഞത്.
രണ്ടു തവണ ഇത് ആവർത്തിച്ചതോടെ ഉദ്യോഗസ്ഥർ സുരക്ഷാ വിഭാഗത്തിന് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതോടെ ബോംബ് ഉണ്ടെന്ന് പറഞ്ഞത് തമാശയായിട്ടാണെന്ന് ഇയാൾ പറഞ്ഞെങ്കിലും നടപടികൾ പൂർത്തിയാക്കി നെടുമ്പാശേരി പോലീസിന് കൈമാറുകയായിരുന്നു. ഇയാളുടെ യാത്ര തടഞ്ഞതോടെ ഭാര്യയും മകനും യാത്ര ചെയ്യാനില്ലെന്ന നിലപാടും സ്വീകരിച്ചു.
കൂടെയുണ്ടായിരുന്ന മറ്റു നാല് പേരുടെയും ടിക്കറ്റുകൾ ഇവർക്കൊപ്പം ഗ്രൂപ്പ് ടിക്കറ്റായിരുന്നു. അതുകൊണ്ട് ഈ നാല് പേരുടെയും ലഗേജുകൾ വിമാനത്തിൽ നിന്നു തിരിച്ചിറക്കി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.
പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തിയശേഷം ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചു. ഇതുമൂലം ഇന്നലെ പുലർച്ചെ 2.10ന് പുറപ്പെടേണ്ട വിമാനം 4.30നാണ് പുറപ്പെട്ടത്.