പ്ലസ് ടു സീറ്റ് തര്‍ക്കം; വിശദീകരണം തേടി ഹൈക്കോടതി
Thursday, August 8, 2024 1:23 AM IST
കൊച്ചി: മലബാറിലെ ഹയര്‍ സെക്കൻഡറി സീറ്റ് സംബന്ധിച്ചു സര്‍ക്കാരിലേക്ക് അയച്ച റിപ്പോര്‍ട്ടിന്റെ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. മലപ്പുറം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ 14ന് കോടതിയില്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2023-24 വര്‍ഷം മലബാര്‍ മേഖലയില്‍ വിജ്ഞാപനം ചെയ്യാതെ 97 സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി അധിക ബാച്ചുകള്‍ അനുവദിച്ചെങ്കിലും വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കാതെയാണെന്നു ചൂണ്ടിക്കാട്ടി മലപ്പുറം എആര്‍ നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ ഒ.വി. ഉസ്മാന് കുരിക്കളും വിവിധ സ്കൂള്‍ മാനേജ്മെന്റുകളും നല്കിയ ഹര്‍ജികളിലാണു നിര്‍ദേശം.
കഴിഞ്ഞ മേയില്‍ ഈ ഹര്‍ജി പരിഗണിക്കവെ മലപ്പുറം, പാലക്കാട് ജില്ലകളില്‍ മതിയായ സീറ്റുകള്‍ ലഭ്യമാണോയെന്ന കാര്യത്തില്‍ വിദ്യാഭ്യാസ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ 15 ദിവസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദേശിച്ചിരുന്നു.
ആര്‍ഡിഡി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഫയലുകള്‍ പരിശോധിച്ച കോടതി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് വാക്കാല്‍ നിരീക്ഷണം നടത്തി.
മതിയായ പഠനം നടത്തുകയോ വിദ്യാഭ്യാസ ആവശ്യകത പരിശോധിക്കുകയോ ചെയ്യാതെയാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നേരിട്ടു വിശദീകരണം തേടിയത്.