ഖാദർ കമ്മിറ്റി റിപ്പോർട്ട് : അധ്യാപക തസ്തികയിൽ ഒരു നിയമനവും നടക്കില്ലെന്ന് ആക്ഷേപം
Thursday, August 8, 2024 1:23 AM IST
തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്ന പക്ഷം വരുന്ന 10 വർഷത്തേക്കെങ്കിലും അധ്യാപക തസ്തികയിൽ ഒരു നിയമനം പോലും നടക്കില്ലെന്നും ഇത് വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കുമെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിച്ച സാഹചര്യത്തിൽ റിപ്പോർട്ട് തള്ളിക്കളയണം. . തികച്ചും രാഷ്ട്രീയ പ്രേരിതമായി നടപ്പിലാക്കുന്ന റിപ്പോർട്ടിനെതിരേ പ്രത്യക്ഷ സമര പരിപാടികളും നിയമ പോരാട്ടങ്ങളും ആരംഭിക്കുവാൻ തീരുമാനിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി ജനറൽ കണ്‍വീനർ കെ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. കോ- ഓർഡിനേറ്റർ കെ. എം. അബ്ദുള്ള, ട്രഷറർ എ. വി. ഇന്ദുലാൽ, അംഗ സംഘടനാ നേതാക്കളായ പി.കെ. അരവിന്ദൻ, ആർ. അരുണ്‍കുമാർ, അനിൽ എം. ജോർജ്, സി.എ.എൻ. ഷിബിലി, കെ .സിജു, ഡി.ആർ. ജോസ്, ജി.പ്രദീപ്കുമാർ, കെ. ദിനേശ്കുമാർ, എം ആർ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.