ക​​ല്‍​പ്പ​​റ്റ: വ​​യ​​നാ​​ട്ടി​​ലെ മേ​​പ്പാ​​ടി പ​​ഞ്ചാ​​യ​​ത്തി​​ല്‍​പ്പെ​​ട്ട മു​​ണ്ട​​ക്കൈ പു​​ഞ്ചി​​രി​​മ​​ട്ട​​ത്ത് തി​​ങ്ക​​ളാ​​ഴ്ച പു​​ല​​ര്‍​ച്ചയുണ്ടാ​​യ ഉ​​രു​​ള്‍​പൊ​​ട്ട​​ലി​​ല്‍ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം അ​​നൗ​​ദ്യോ​​ഗി​​ക ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് 249 ആ​​യി. ഇ​​തി​​ല്‍ 98 മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ചാ​​ലി​​യാ​​ര്‍ പു​​ഴ​​യി​​ല്‍​നി​​ന്നാ​​ണു ല​​ഭി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​ത്രി എ​​ട്ടു വ​​രെ 167 മ​​ര​​ണ​​മാ​​ണ് ഔ​​ദ്യോ​​ഗി​​ക​​മാ​​യി സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

ഇ​​തി​​ല്‍ 77 പു​​രു​​ഷ​​ന്മാ​രും 67 സ്ത്രീ​​ക​ളും 22 കു​​ട്ടി​​ക​ളും ഉ​​ള്‍​പ്പെ​​ടുന്നു. ഒ​​രു മൃ​​ത​​ദേ​​ഹം പു​രു​ഷ​നോ സ്ത്രീ​യോ എ​ന്നു തി​​രി​​ച്ച​​റി​യാ​നാ​കാ​ത്ത​വി​ധം ചി​ന്ന​ഭി​ന്ന​മാ​ണ്. മ​​രി​ച്ച 96 പേ​​രെ തി​​രി​​ച്ച​​റി​​ഞ്ഞു.

166 മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ പോ​​സ്റ്റ്​​മോ​​ര്‍​ട്ടം ചെ​​യ്തു. 61 മൃ​​ത​​ദേ​​ഹാ​​വ​​ശി​​ഷ്ടം ല​​ഭി​​ച്ച​​തി​​ല്‍ 49 എ​​ണ്ണം പോ​​സ്റ്റ്മോ​​ര്‍​ട്ട​​ത്തി​​നു വി​​ധേ​​യ​​മാ​​ക്കി. 75 മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ബ​​ന്ധു​​ക്ക​​ള്‍​ക്ക് വി​​ട്ടു​​ന​​ല്‍​കി. ഇ​​ന്ന​​ലെ രാ​​ത്രി ഒ​​ന്പതു വ​​രെ 72 മൃ​​ത​​ദേ​​ഹ​ങ്ങ​ൾ സം​​സ്‌​​ക​​രി​​ച്ചു. 41 മൃ​​ത​​ദേ​​ഹ​ങ്ങ​ൾ മേ​​പ്പാ​​ടി, നെ​​ല്ലി​​മു​​ണ്ട കാ​​പ്പും​​കൊ​​ല്ലി, ചെ​​മ്പോ​​ത്ത​​റ ജു​​മാ ​​മ​​സ്ജി​​ദ് ക​​ബ​​ര്‍​സ്ഥാ​​നി​​ലാ​​ണ് ക​ബ​റ​ട​ക്കി​യ​​ത്.

27 മൃ​​ത​​ദേ​​ഹ​ങ്ങ​ൾ മേ​​പ്പാ​​ടി​​യി​​ല്‍ മാ​​രി​​യ​​മ്മ​​ന്‍ ക്ഷേ​​ത്ര​​ത്തി​​നു കീ​​ഴി​​ലു​​ള്ള ശ്മ​​ശാ​​ന​​ത്തി​​ല്‍ ദ​​ഹി​​പ്പി​​ച്ചു. മൂ​​ന്നു മൃ​​ത​​ദേ​​ഹ​ങ്ങ​ൾ മേ​​പ്പാ​​ടി സി​​എ​​സ്‌​​ഐ പ​​ള്ളി സെ​​മി​​ത്തേ​​രി​​യി​​ലും ഒ​​രു മൃ​​ത​​ദേ​​ഹം ചൂ​​ര​​ല്‍​മ​​ല സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍​സ് പ​​ള്ളി സെ​​മി​​ത്തേ​​രി​​യി​​ലും സം​​സ്‌​​ക​​രി​​ച്ചു.

രക്ഷാപ്രവർത്തനം പുരോഗതിയിൽ

ഉ​​രു​​ള്‍​പൊ​​ട്ട​​ലി​​നെ​​ത്തു​​ട​​ര്‍​ന്ന് മ​​ണ്ണി​​ന​​ടി​​യി​​ലാ​​യ മു​​ണ്ട​​ക്കൈ​​യി​​ലും ചൂ​​ര​​ല്‍​മ​​ല​​യി​​ലും ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​നം പു​​രോ​​ഗ​​തി​​യി​​ലാ​​ണ്. നാ​​ല് സം​​ഘ​​ങ്ങ​​ളാ​​യി തി​​രി​​ഞ്ഞ് 150 ഓ​​ളം പേ​​രാ​​ണ് ഇ​​ന്ന​​ലെ ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​നി​​റ​​ങ്ങി​​യ​​ത്.

ക​​ര-​വ്യോ​​മ​​സേ​​ന, ദേ​​ശീ​​യ-​​സം​​സ്ഥാ​​ന ദു​​ര​​ന്ത​​നി​​വാ​​ര​​ണ സേ​​ന, അ​​ഗ്നിര​​ക്ഷാ​​സേ​​ന എ​​ന്നി​​വ​​യി​​ലെ അം​​ഗ​​ങ്ങ​​ളും പോ​​ലീ​​സ്, വ​​നം, മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും സ​​ന്ന​​ദ്ധ​​ ഭ​​ട​​ന്മാരും ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ല്‍ സ​​ജീ​​വ​​മാ​​യി.

ഉ​​രു​​ള്‍​വെ​​ള്ളം ഒ​​ഴു​​കു​​ന്ന പ്ര​​ദേ​​ശം സൈ​​ന്യം ചൊ​​വ്വാ​​ഴ്ച നി​​ര്‍​മി​​ച്ച താ​​ത്കാ​​ലി​​ക പാ​​ല​​ത്തി​​ലൂ​​ടെ സാ​​ഹ​​സി​​ക​​മാ​​യി മ​​റി​​ക​​ട​​ന്ന് ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ​​ത​​ന്നെ മു​​ണ്ട​​ക്കൈ​​യി​​ല്‍ എ​​ത്തി​​യെ​​ങ്കി​​ലും തെ​​ര​​ച്ചി​​ല്‍ ദു​​ഷ്‌​​ക​​ര​​മാ​​യി.

ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ ആ​​വ​​ശ്യ​​ത്തി​​ന് ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. കു​​ഴ​​മ്പു​​പ​​രു​​വ​​ത്തി​​ല്‍ ക​​ല്ലും മ​​ണ്ണും മ​​ര​​ങ്ങ​​ളും അ​​ടി​​ഞ്ഞ പ്ര​​ദേ​​ശ​​ത്ത് മൂ​​ടി​​പ്പോ​​യ വീ​​ടു​​ക​​ള്‍ ക​​ണ്ടെ​​ത്താ​​നും ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ട്ട​​തി​​ല്‍ വി​​ശ​​ദ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​നും ക​​ഴി​​ഞ്ഞി​​ല്ല.


ബെ​​യ്‌​​ലി പാ​​ലം നിർമാണം ഇന്നു പൂ​​ര്‍​ത്തി​​യാ​​കും

ഇ​​ന്നു വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ചൂ​​ര​​ല്‍​മ​​ല​​യി​​ല്‍ ബെ​​യ്‌​​ലി പാ​​ലം നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​കും. ഇ​​തി​​ലൂ​​ടെ ഭാ​​ര​​വാ​​ഹ​​ന​​ങ്ങ​​ള​​ട​​ക്കം മു​​ണ്ട​​ക്കൈ ഭാ​​ഗ​​ത്തെ​​ത്തി​​ച്ച് തെ​​ര​​ച്ചി​​ല്‍ ഊ​​ര്‍​ജി​​ത​​മാ​​ക്കാ​​നാ​​കും. ഇ​​ന്ന​​ലെ പു​​ഴ ക​​ട​​ത്തി മു​​ണ്ട​​ക്കൈ ഭാ​​ഗ​​ത്തെ​​ത്തി​​ച്ച ഒ​​രു മ​​ണ്ണു​​മാ​​ന്തി യ​​ന്ത്രം തെ​​ര​​ച്ചി​​ലി​​ന് ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി. ചൂ​​ര​​ല്‍​മ​​ല​​യി​​ലും തെ​​ര​​ച്ചി​​ല്‍ ന​​ട​​ന്നു. ചെ​​റു​​തും വ​​ലുതു​​മ​​ട​​ക്കം പത്ത് മ​​ണ്ണു​​മാ​​ന്തി യ​​ന്ത്ര​​ങ്ങ​​ള്‍ ഇ​​തി​​നു​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി.

ഇ​​ന്ന​​ലെ തെ​​ര​​ച്ചി​​ലി​​ല്‍ മു​​ണ്ട​​ക്കൈ​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ഉ​​രു​​ള്‍​വെ​​ള്ളം ഒ​​ഴു​​കു​​ന്ന ഭാ​​ഗ​​ത്തെ​​ത്തി​​ച്ച് സ്ട്ര​​ച്ച​​റി​​ല്‍ ക​​യ​​റ്റി റോ​​പ്പ് സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് ചൂ​​ര​​ല്‍​മ​​ല​​യി​​ലും തു​​ട​​ര്‍​ന്ന് മേ​​പ്പാ​​ടി കു​​ടും​​ബാ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ലും എ​​ത്തി​​ച്ച​​ത്.

പാ​​ല​​വും റോ​​ഡും ഒ​​ലി​​ച്ചു​​പോ​​യ ഭാ​​ഗ​​ത്ത് മ​​ര​​ത്തി​​ലും ചൂ​​ര​​ല്‍​മ​​ല​​യി​​ല്‍ മ​​ണ്ണു​​മാ​​ന്തി യ​​ന്ത്ര​​ത്തി​​ലു​​മാ​​ണ് റോ​​പ്പ് ബ​​ന്ധി​​ച്ച​​ത്. ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​നി​​ടെ ഒ​​രാ​​ളു​​ടെ കാ​​ലി​​നു ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റു. ഇ​​ദ്ദേ​​ഹ​​ത്തെ റോ​​പ്പ് സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് ചൂ​​ര​​ല്‍​മ​​ല​​യി​​ല്‍ എ​​ത്തി​​ച്ച​​ത്.

കനത്ത മഴ തുടരുന്നു

ഉ​​ച്ച​​ക​​ഴി​​ഞ്ഞു പെ​​യ്ത ക​​ന​​ത്ത മ​​ഴ ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​ന​​ത്തെ ബാ​​ധി​​ച്ചു. കനത്ത മഴ പു​​ഴ​​യി​​ല്‍ ഒ​​ഴു​​ക്ക് ശ​​ക്തി​​പ്രാ​​പി​​ക്കു​​ന്ന​​തി​​നു കാ​​ര​​ണ​​മാ​​യി. മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​ത്ത​​ക​​രി​​ല്‍ ചി​​ല​​രും മു​​ണ്ട​​ക്കൈ​​യി​​ല്‍ എ​​ത്തി​​യി​​രു​​ന്നു. ഇ​​വ​​രെ സാ​​ഹ​​സി​​ക​​മാ​​യാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ സു​​ര​​ക്ഷി​​ത സ്ഥാ​​ന​​ത്തേ​​ക്കു മാ​​റ്റി​​യ​​ത്. സൈ​​ന്യം ക​​ഴി​​ഞ്ഞ ദി​​വ​​സം നി​​ര്‍​മി​​ച്ച താ​​ത്കാ​​ലി​​ക പാ​​ലം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം കു​​ത്തൊ​​ഴു​​ക്കി​​ല്‍ ത​​ക​​ര്‍​ന്നു.

ര​​ണ്ടു ദി​​വ​​സ​​ത്തി​​നി​​ടെ 1,592 പേ​​രെ​​യാ​​ണ് ദു​​ര​​ന്ത​​ഭൂ​​മി​​യി​​ല്‍​നി​​ന്നു ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ ദു​​ര​​ന്ത​​മു​​ണ്ടാ​​യ​​തി​​ന്‍റെ സ​​മീ​​പ​​സ്ഥ​​ല​​ങ്ങ​​ളി​​ലെ 68 കു​​ടും​​ബ​​ങ്ങ​​ളി​​ലെ 43 കു​​ട്ടി​​ക​​ള​​ട​​ക്കം 206 പേ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി മൂ​​ന്ന് ക്യാ​​മ്പു​​ക​​ളി​​ലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു.

ഉ​​രു​​ള്‍​പൊ​​ട്ട​​ലി​​നെ​​ത്തു​​ട​​ര്‍​ന്ന് ഒ​​റ്റ​​പ്പെ​​ട്ടു​​പോ​​യ​​വ​​രും വീ​​ടു​​ക​​ളി​​ല്‍ കു​​ടു​​ങ്ങി​​യ​​വ​​രു​​മാ​​യ 1,386 പേ​​രെ​​യാ​​ണ് ര​​ക്ഷി​​ച്ച​​ത്. 219 പേ​​രെ​​യാ​​ണ് ദു​​ര​​ന്തപ്ര​​ദേ​​ശ​​ത്തു​​നി​​ന്ന് ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ എ​​ത്തി​​ച്ച​​ത്. ഇ​​തി​​ല്‍ 78 പേ​​ര്‍ വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​ണ്. 142 പേ​​രെ ചി​​കി​​ത്സ​​യ്ക്കു ശേ​​ഷം ക്യാ​​മ്പു​​ക​​ളി​​ലേ​​ക്കു മാ​​റ്റി. വ​​യ​​നാ​​ട്ടി​​ല്‍ 73 ഉം ​​മ​​ല​​പ്പു​​റ​​ത്ത് അ​​ഞ്ചും ആ​​ളു​​ക​​ളാ​​ണ് ചി​​കി​​ത്സ​​യി​​ൽ.