ഫാ. ജോസഫ് മഞ്ഞനാനി: കർമനിരത മുഖമുദ്രയാക്കിയ വൈദികശ്രേഷ്ഠൻ
Thursday, July 25, 2024 1:44 AM IST
കാഞ്ഞിരപ്പള്ളി: ആധ്യാത്മിക, സാമൂഹ്യ സേവന മേഖലകളിൽ കർമകുശലതയുടെ പര്യായമായിരുന്നു ഇന്നലെ അന്തരിച്ച ഫാ. ജോസഫ് മഞ്ഞനാനിക്കൽ സിഎംഐ.
ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്പോൾ, മുന്പിൽ എന്തൊക്കെ പ്രതിബന്ധങ്ങളും പ്രതിസന്ധികളുമുണ്ടായാലും ലക്ഷ്യം കാണാതെ പിന്മാറാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. സേവനം ചെയ്ത മേഖലകളിലെല്ലാം ദീർഘവീക്ഷണവും ഇച്ഛാശക്തിയുംകൊണ്ട്, സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ അച്ചനു കഴിഞ്ഞു.
അതിന്റെ നേർസാക്ഷ്യമാണ് ദീപിക ജനറൽ മാനേജർ, കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ഹോസ്പിറ്റൽ ഡയറക്ടർ, സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രോവിൻസിന്റെ വികാർ പ്രൊവിൻഷ്യൽ എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചപ്പോഴുള്ള തിളക്കമാർന്ന പ്രകടനം.
1938 ഒക്ടോബർ നാലിന് കപ്പാട് വഞ്ചിമലയിൽ മഞ്ഞനാനിക്കൽ തൊമ്മൻ-ത്രേസ്യ ദന്പതികളുടെ ഏഴു മക്കളിൽ ഇളയവനായി ജനിച്ച ജോസഫച്ചൻ 1956ൽ സിഎംഐ സഭയിൽ ചേർന്നു. 1967 മേയ് 17ന് ബംഗളൂരുവിൽവച്ച് അന്നത്തെ തലശേരി ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.
1968 മുതൽ 78 വരെ ദീപിക പത്രത്തിന്റെ സർക്കുലേഷൻ മാനേജരായും ജനറൽ മാനേജരായും പ്രവർത്തിച്ചു. 1975ൽ പൂന യൂണിവേഴ്സിറ്റിയിൽനിന്ന് എംഎ ബിരുദം നേടി. 1981 മുതൽ പത്തു വർഷത്തോളം കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ഹോസ്പിറ്റലിൽ ഡയറക്ടറായിരുന്നു. ഇക്കാലയളവിലാണ് മേരി ക്വീൻസ് നഴ്സിംഗ് സ്കൂൾ ആരംഭിച്ചത്.
സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രോവിൻസിന്റെ വികാർ പ്രൊവിൻഷ്യൽ ആയിരുന്നു. പിന്നീട് മുണ്ടിയെരുമ, പാലന്പ്ര, ചക്കുപള്ളം, കുറുന്പനാടം, കുളത്തൂർ എന്നീ ഇടവകകളിൽ ശുശ്രൂഷ ചെയ്തു. 2004 മുതൽ 2006 വരെ തെക്കേ അമേരിക്കയിലെ പെറുവിൽ മിഷൻ പ്രവർത്തനം നടത്താനും അച്ചന് നിയോഗമുണ്ടായി.
കുമളി ഗിരിജ്യോതി ആശ്രമത്തിലും കുര്യനാട് ആശ്രമത്തിലും ആയിരിക്കുന്പോൾ വിവിധ ഇടവകകളുടെ ആവശ്യാനുസരണം പൗരോഹിത്യശുശ്രൂഷയും ആധ്യാത്മിക സേവനങ്ങളും ചെയ്തുകൊടുത്തു. 2020 മുതൽ കാഞ്ഞിരപ്പള്ളി പാലന്പ്ര ഗദ്സമൻ ആശ്രമത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
വർഷങ്ങൾക്കുമുന്പ് ജോസഫച്ചൻ മുൻകൈ എടുത്താണ് മഞ്ഞനാനിക്കൽ കുടുംബയോഗത്തിനു രൂപം നല്കിയത്. തുടക്കം മുതൽ അതിന്റെ രക്ഷാധികാരിയാണ്.