ജോലി വാഗ്ദാനം ചെയ്ത് എല്‍ജെപി നേതാവ് പലരിൽനിന്ന് പണം തട്ടിയെന്ന് പരാതിക്കാർ
Thursday, July 25, 2024 1:44 AM IST
കൊച്ചി: കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള കോര്‍പറേഷനുകളിലടക്കം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ ആരോപണവിധേയനായ ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ് പാസ്വാന്) ദേശീയ സെക്രട്ടറി സമാന രീതിയില്‍ കൂടുതല്‍ ആളുകളില്‍നിന്നു പണം കൈപ്പറ്റിയിട്ടുണ്ടെന്ന് തട്ടിപ്പിനിരയായവര്‍.
എല്‍ജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്, കായംകുളം സ്വദേശികളായ രണ്ട് യുവാക്കള്‍ എന്നിവരാണു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്.
എഫ്സിഐയില്‍ ബോര്‍ഡ് അംഗത്വം വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപയാണു തന്നില്‍നിന്ന് തട്ടിയെടുത്തതെന്ന് ജയകൃഷ് ണന് പറഞ്ഞു.
പണം കൈമാറിയതിനു പിന്നാലെ ഡല്‍ഹിയില്‍നിന്ന് ഒരു കത്ത് വന്നതല്ലാതെ ബോര്‍ഡ് അംഗത്വ നിയമനം നടന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘"പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ വധഭീഷണിയടക്കം ഉണ്ടായി. കഴിഞ്ഞദിവസം ഞാന്‍ തട്ടിപ്പുകാരനാണെന്നു ദേശീയ സെക്രട്ടറി പറയുന്നതായി കേട്ടു.
ഈ സാഹചര്യത്തില്‍ നിരപരാധിത്വം തെളിയിക്കേണ്ടതുണ്ട്. ദേശീയ സെക്രട്ടറിക്കെതിരേ നിയമപോരാട്ടം തുടരും. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും’’- ജയകൃഷ്ണന് പറഞ്ഞു.