ആധാരമെഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടില്ല: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
Thursday, July 25, 2024 1:44 AM IST
തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പ് നടത്തുന്ന പരിഷ്കാരങ്ങളെത്തുടർന്ന് ആധാരമെഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവില്ലെന്നും സാധ്യതകളുടെ പുതിയ വാതായനങ്ങൾ തുറക്കുമെന്നും രജിസ്ട്രേഷൻ, പുരാരേഖ, പുരാവസ്തു മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ ആധാരം എഴുത്തുകാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘എന്റെ ഭൂമി പോർട്ടൽ’ പരിചയപ്പെടുത്തൽ, ആധാരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരിഷ്കരണങ്ങളുടെയും ഏകീകൃത ആധാരഭാഷയുടെയും ആവശ്യകത ബോധ്യപ്പെടുത്തുക, ആധാരം എഴുത്തുകാരുടെ പ്രശ്നങ്ങൾ കേൾക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടന്ന ചർച്ചയിൽ, സംസ്ഥാനത്തിന്റെ വലിയ വരുമാനസ്രോതസാണു വകുപ്പെന്നും രജിസ്ട്രേഷൻ വകുപ്പിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനു നടത്തുന്ന ശ്രമങ്ങളിൽ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ശ്രീധന്യ സുരേഷ് വകുപ്പിൽ നടപ്പാക്കുന്ന ആധുനികവത്കരണ നടപടികൾ വിശദീകരിച്ചു.
എൻഐസി ഉദ്യോഗസ്ഥർ എന്റെ ഭൂമി പേർട്ടലിലെ ആധാരം രജിസ്ട്രേഷൻ നടപടികൾ പരിചയപ്പെടുത്തി. തുടർന്ന് നടന്ന ചർച്ചയിൽ ആധാരം എഴുത്തുകാർ മേഖലയിലെ വിവിധ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ആധാരം എഴുത്ത് ഫീസ് വർധിപ്പിക്കണം, ഡോക്യുമെന്റ് വർക്കേഴ്സ് ആക്ട് കൊണ്ടുവരണം, ആർക്കും ആധാരം എഴുതാം എന്ന ഉത്തരവ് പിൻവലിക്കണം, എന്റെ ഭൂമി പോർട്ടലിലെ ലോഗിൻ അവകാശം ആധാരം എഴുത്തുകാർക്കായി പരിമിതപ്പെടുത്തണം, ഓണം ഫെസ്റ്റിവൽ അലവൻസ് വർധിപ്പിക്കണം, ഉദ്യോഗസ്ഥരുടെ നിസ്സഹകരണം, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ സംഘടനപ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു.