എസ്എൻഡിപിയെ കാവിയോ ചുവപ്പോ പുതപ്പിക്കാൻ അനുവദിക്കില്ല: വെള്ളാപ്പള്ളി
Thursday, July 25, 2024 1:44 AM IST
ചേർത്തല: എസ്എൻഡിപി യോഗം ഒരു രാഷ്ട്രീയ പാർട്ടിയുടെ വാലല്ലെന്നും കാവി പുതപ്പിക്കാനോ, ചുവപ്പ് പുതപ്പിക്കാനോ ആരെയും അനുവദിക്കില്ലെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടുന്നതാണ് സംഘടന. എല്ലാവർക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. എല്ലാവരെയും ഒന്നിപ്പിച്ചു നിർത്തിയാണ് യോഗം മുന്നോട്ടു പോകുന്നത്. താൻ രാഷ്ട്രീയക്കാരനല്ല.
പ്രശ്നാധിഷ്ഠിതമായാണ് നിലപാട് സ്വീകരിക്കുന്നത്. ഇതിന്റെ പേരിൽ കാവി പുതപ്പിക്കാനും വർഗീയവാദിയാക്കാനുമാണ് ശ്രമം. ശബരിമല വിഷയത്തിൽ എന്നെ കമ്യൂണിസ്റ്റുകാരനാക്കി. ഇപ്പോൾ ബിജെപിക്കാരനായിട്ടാണ് ചിത്രീകരിക്കുന്നത്- അദ്ദേഹം പറഞ്ഞു.
എം.വി. ഗോവിന്ദന്റേത് രാഷ്ട്രീയ അഭിപ്രായമാണ്. ഇതിന്റെ പേരിൽ ഞങ്ങളെ തമ്മിൽ തെറ്റിക്കാൻ നോക്കേണ്ട. തെരഞ്ഞെടുപ്പിൽ ഈഴവ വോട്ടുകൾ ലഭിച്ചില്ലെന്ന ഇടതുപക്ഷത്തിന്റെ അഭിപ്രായം സ്വാഗതം ചെയ്യുന്നു. ഇടതുമുന്നണി ശൈലി മാറ്റിയാൽ നഷ്ടപ്പെട്ട ഈഴവ വോട്ടുകൾ തിരിച്ചുപിടിക്കാനാകും.
എൽഡിഎഫിന്റെ അമിതമായ മുസ്ലിം പ്രീണനം മൂലം ക്രിസ്ത്യാനികൾ ഉൾപ്പെടെ ബിജെപിയിൽ ചേരാൻ തയാറെടുക്കുകയാണ്. ഇതെല്ലാം കണ്ടും കേട്ടും നിൽക്കുന്ന യുവതലമുറയെ ശത്രുപക്ഷത്ത് എത്തിക്കുന്ന സമീപനം ശരിയല്ല. വോട്ടുചോർച്ചയുടെ കാര്യത്തിൽ മലബാറിലെ കാര്യം പറയുമ്പോൾ കണ്ണടയ്ക്കുകയും തെക്കൻ കേരളത്തിലെ കാര്യത്തിൽ വിമർശിക്കുകയും ചെയ്യുന്നത് നല്ല സമീപനമല്ല.
ഇത്തരം വിഷയങ്ങളും ചർച്ചയ്ക്ക് വിധേയമാക്കി കാരണങ്ങൾ കണ്ടെത്തണം. യോഗത്തിന് ആരോടും വിരോധവും വിധേയത്വവുമില്ല. എല്ലാവരോടും തുറന്ന സമീപനമാണ് പുലർത്തുന്നത്. കമ്യൂണിസ്റ്റ് പാർട്ടി പല തവണ ദ്രോഹിച്ചെങ്കിലും നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്നും ഇപ്പോഴും കമ്യൂണിസ്റ്റ് അനുഭാവിയാണെന്നും കോൺഗ്രസുമായി ഒരു യോജിപ്പുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.