മാലിന്യപ്രശ്നം അതിരൂക്ഷം; 27ന് സർവകക്ഷിയോഗം
Wednesday, July 24, 2024 2:50 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യപ്രശ്നം അതിരൂക്ഷമായ സാഹചര്യത്തിൽ പരിഹാര നിർദേശങ്ങൾ തേടി സർവകക്ഷിയോഗം വിളിച്ചു സർക്കാർ. ജനകീയ കാന്പയിനായി മാലിന്യമുക്ത പരിപാടി ഏറ്റെടുക്കാൻ ആലോചിക്കാനുള്ള യോഗം 27ന് ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരും.
സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ കാരണം മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ നടക്കാത്തതിനെ തുടർന്നാണെന്ന് ആരോപണം ഉയർന്നിരുന്നു. പനിയും പകർച്ചവ്യാധികളും സംസ്ഥാനമാകെ പടരുന്നതിനു കാരണം മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ നടത്താതിരുന്നതാണെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്.
മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തദ്ദേശ മന്ത്രി എം.ബി. രാജേഷും ആരോപണ-പ്രത്യാരോപണങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കാൻ ഇറങ്ങിയ ജോയിയെ കാണാതാകുകയും തെരച്ചിലിനൊടുവിൽ ഒരു കിലോമീറ്റർ അകലെയുള്ള ഭാഗത്തുനിന്നു മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. ഇവിടെയും തോട്ടിലെ മാലിന്യം നീക്കേണ്ടത് ആരെന്ന തർക്കമുയർന്നിരുന്നു.