നിപ: ഒമ്പതു പേരുടെ പരിശോധനാഫലം നെഗറ്റീവ്
Tuesday, July 23, 2024 1:36 AM IST
മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തുവന്ന ഒമ്പതു പേരുടെ സ്രവപരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. രോഗം ബാധിച്ചു മരിച്ച കുട്ടിയുടെ രക്ഷിതാക്കളുടെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പാലക്കാട് സ്വദേശികളായ രണ്ടു പേരുടെയും പരിശോധനാഫലം ഇതില്‍പെടും. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട് സാമ്പിള്‍ ശേഖരിച്ച തിരുവനന്തപുരത്തുനിന്നുള്ള രണ്ടു പേരുടെ പരിശോധനാഫലം ഇന്നു പുലര്‍ച്ചെയോടെ ലഭിക്കും.
നിലവില്‍ 406 പേരാണു സമ്പര്‍ക്കപട്ടികയിലുള്ളത്. ഇതില്‍ 194 പേര് ഹൈ റിസ്ക് കാറ്റഗറിയിലാണ്. ഹൈ റിസ്ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരില്‍ 139 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.
സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 15 പേരാണ് വിവിധ ആശുപത്രികളിലായി അഡ്മിറ്റായി ചികിത്സ തേടുന്നത്. ഫലം നെഗറ്റീവാവുകയും പനി അടക്കമുള്ള ലക്ഷണങ്ങള്‍ സുഖപ്പെടുകയും ചെയ്തവരെ ഡിസ്ചാര്‍ജ് ചെയ്യും. ഇവര്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഐസൊലേഷനില്‍ തുടരണം.
രോഗപ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ 6642 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട്ട് 3,702 വീടുകളും ആനക്കയത്ത് 2,940 വീടുകളും സന്ദര്‍ശിച്ചു.
പാണ്ടിക്കാട്ട് 331 പനി കേസുകളും ആനക്കയത്ത് 108 പനിക്കേസുകളുമാണു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പാണ്ടിക്കാട്ടെ നാലു കേസുകള്‍ മാത്രമാണു പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആകെ 7239 വീടുകളിലാണ് ആരോഗ്യവകുപ്പ് സന്ദര്‍ശനം നടത്തിയത്. മരണപ്പെട്ട കുട്ടിയുടെ ക്ലാസ് പിടിഎ ചേര്‍ന്നിരുന്നു. കുട്ടികള്‍ക്ക് കൗണ്‍സലിംഗ് ആവശ്യമെങ്കില്‍ വിദഗ്ധരുടെ സഹായത്തോടെ നല്‍കും. അധ്യാപകര്‍ക്കും സംശയ നിവാരണം നല്‍കും.
വവ്വാലുകളില്‍നിന്നു സാമ്പിള്‍ ശേഖരിക്കുന്നതിനായി പൂനെ എന്‍ഐവിയില്‍നിന്നുള്ള വിദഗ്ധ സംഘം ഇന്നലെ മലപ്പുറം ജില്ലയിൽ എത്തിയിട്ടുണ്ട്. നിപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് ഇവര്‍ വൈറസിന്റെ ജീനോമിക് സര്‍വേ നടത്തും.
സാമ്പിള്‍ ശേഖരിച്ച് പഠനം നടത്തുന്നതിനായി ഭോപ്പാലില്‍നിന്നുള്ള കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘവും ഇവിടെയെത്തും. വനം വകുപ്പിന്റെ സഹകരണത്തോടെ ഇവര്‍ വവ്വാലുകള്‍ക്കായി മാപ്പിംഗ് നടത്തും.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്നു മന്ത്രി പറഞ്ഞു.ഐസൊലേഷന്‍ കൃത്യമായി നടക്കുന്നു എന്നുറപ്പാക്കും. രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇന്നലെ ചേര്‍ന്നു. നിപയെ ഒറ്റക്കെട്ടായി നേരിടാനുള്ള സഹകരണവും പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്.