എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ല: എം.വി. ഗോവിന്ദൻ
Tuesday, July 23, 2024 1:36 AM IST
തിരുവനന്തപുരം: എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്എൻഡിപിക്കു സിപിഎം എതിരല്ല. എന്നാൽ, ബിഡിജെഎസ് വഴി എസ്എൻഡിപിയെ ആർഎസ്എസ് കാവിവത്കരിക്കാൻ ശ്രമിക്കുന്നു. ഇതിനെയാണു സിപിഎം എതിർക്കുന്നത്.
ഇത്തരം കാര്യങ്ങളുമായി മുന്നോട്ടു പോയാൽ ഇനിയും വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് എസ്എൻഡിപി നേതൃത്വത്തിനെതിരേ എം.വി.ഗോവിന്ദൻ വിമർശനം നടത്തിയത്.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും എതിർക്കപ്പെടേണ്ടതാണ്. മുസ്ലിം ലീഗിന്റെ വർഗീയത തുറന്നുകാട്ടും. മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി യോജിച്ച് പ്രവർത്തിക്കുകയാണ്. വിശ്വാസികൾ വർഗീയവാദികളാവില്ല.
ബിജെപിയുടെ മതവാദ രാഷ്ട്രീയത്തിനെതിരേ ശക്തമായ ആശയപ്രചാരണം നടത്തും. ക്ഷേത്രങ്ങൾ കൈയടക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണ്. ദേവസ്വം ബോർഡിന്റെ ക്ഷേത്ര മുറ്റങ്ങളിൽ നിയമം ലംഘിച്ചു ശാഖകൾ നടത്തുന്നു. ഇതനുവദിക്കില്ലെന്നും സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.