ഡാ.. മോനേ..വീട്ടിലുണ്ടാകണം ഒരു ലൈബ്രറി
Monday, June 17, 2024 1:49 AM IST
ഇറാക്കിലെ ബസ്ര പട്ടണത്തിലാണ് ആലിയയുടെ ജനനം. വളരെ ചെറുപ്പം മുതൽതന്നെ ആലിയയ്ക്ക് കൂട്ട് പുസ്തകങ്ങളായിരുന്നു. വായിക്കുന്നതിനായി നൂറുകണക്കിന് പുസ്തകങ്ങൾ പിതാവ് അവൾക്കു വാങ്ങിക്കൊടുത്തു. വീട് നിറയെ പുസ്തകങ്ങൾ. പുസ്തകങ്ങൾ വായിച്ചും പഠിച്ചും ബിരുദം നേടി മിടുക്കിയായ ആലിയ നഗരത്തിലെ ഏറ്റവും വലിയ ലൈബ്രറിയിലെ ലൈബ്രറേറിയനായി.
പെട്ടെന്നാണ് അവിടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ലൈബ്രറിക്കടുത്തുവരെ ബോംബ് വീണപ്പോൾ ആലിയ ഭയന്നു. ഒരു ലക്ഷം പുസ്തകങ്ങൾ. ബോംബ് വീണാൽ ഒരു സംസ്കാരം ഇല്ലാതാകും.
ആലിയ രണ്ടു ദിവസം കൊണ്ട് സ്വന്തം കാറിൽ പുസ്തകങ്ങൾ മുഴുവൻ തന്റെ വീട്ടിലേക്കു മാറ്റി. അവസാനത്തെ പുസ്തകക്കെട്ടുമായി കാർ നീങ്ങുന്പോൾ ലൈബ്രറിക്കെട്ടിടത്തിൽ ബോംബ് വീണ് ലൈബ്രറി കത്തിച്ചാന്പലായി. ആലിയയ്ക്ക് പരിക്കേറ്റു. മുഴുവൻ പുസ്തകങ്ങളും രക്ഷിച്ച ആലിയ സ്റ്റാറായി. ആയിരക്കണക്കിന് കുട്ടികളെ പുസ്തകം വായിപ്പിച്ച് സ്റ്റാറാക്കി മാറ്റിയ സൂപ്പർ സ്റ്റാർ.
ഇക്കാലത്ത് പുസ്തകങ്ങൾ വായിക്കണോ?
അറിവിന്റെയും ആശയങ്ങളുടെയും ലോകമാണ് ഇന്നത്തെ ലോകം. പുത്തൻ അറിവ്, മറ്റാർക്കുമില്ലാത്ത അറിവ്, ഒരു ഗംഭീര ആശയം. അതുള്ളവരാണ് ലോകം നയിക്കുന്നത്.
പുത്തൻ ആശയങ്ങളുണ്ടാകാൻ എന്താ വഴി?
പുസ്തകം വായിക്കണം, ആസ്വദിച്ച്, രസിച്ച് വായിക്കണം. അപ്പോൾ ഭാവനയും സ്വപ്നവും അവബോധവും ഉണ്ടാകും. പുത്തൻ ആശയങ്ങൾ ഉണ്ടാകും.
ദൃശ്യ ഉള്ളടക്കം കാണുന്പോഴുണ്ടാകുന്നതിനേക്കാൾ പുസ്തകം വായിക്കുന്നവരുടെ ബുദ്ധിയാണ് ഉണരുന്നത്. സൃഷ്ടിപരമാകുന്നത്. സൃഷ്ടിപരമായ ചിന്തയും ആശയങ്ങളും ഉണ്ടാകുന്നത്. അച്ചടിച്ച പുസ്തകത്തിലെ ഒരു വരിയിൽനിന്ന് ഒരു മാന്ത്രികക്കൊട്ടാരം പണിയാൻ കുട്ടികൾക്ക് കഴിയും.
എന്ത് വായിക്കണം?
ഒരു വർഷം 365 ദിവസം. അതിൽ 300 ദിവസം വായിക്കുന്നുവെന്ന് കരുതുക. ഒരു ദിവസം ശരാശരി 5 പേജ് വീതം വായിച്ചാൽ ഒരു വർഷം 1500 പേജ്. 100 പേജുള്ള പുസ്തകം എന്ന് സങ്കൽപ്പിച്ചാൽ ഒരു വർഷം 15 പുസ്തകങ്ങൾ. 50 വർഷം കൊണ്ട് 750 പുസ്തകങ്ങൾ. ഇതാണ് ശരാശരി കണക്ക്.
കേരളത്തിൽ ഒരു വർഷം ശരാശരി 250-300 പുസ്തകങ്ങൾ വായിക്കുന്ന കുട്ടികളുണ്ട്. ലോകത്ത് ലക്ഷക്കണക്കിന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നമുക്ക് വായിക്കാൻ കഴിയുന്നത് വളരെ കുറച്ച് പുസ്തകങ്ങൾ മാത്രമാണ്. നമ്മുടെ സമയം പരിമിതമാണ്. വിലപ്പെട്ടതാണ്. ചപ്പുചവറുകൾ വായിച്ച് സമയം കളയരുത്. വളരെ ശ്രദ്ധയോടെ പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കണം. വിജ്ഞാനം വർധിപ്പിക്കുന്ന, സർഗാത്മകത വളർത്തുന്ന സാമൂഹ്യബോധവും മൂല്യബോധവും സൃഷ്ടിക്കുന്ന നല്ല പുസ്തകങ്ങളേ വായിക്കാവൂ.
ലോകത്തിലെ ഏറ്റവും മികച്ച ക്ലാസിക് ഗ്രന്ഥങ്ങൾ വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചവ ഇംഗ്ലീഷിലും മലയാളത്തിലും ലഭിക്കും. മറ്റ് ഇന്ത്യൻ ഭാഷകളിലെ ക്ലാസിക്കുകളും മലയാളത്തിന്റെ മികച്ച ഗ്രന്ഥങ്ങളും തെരഞ്ഞെടുത്ത് വായിക്കണം. കവിതയും കഥയും നോവലും ആത്മകഥയും സയൻസും യാത്രാവിവരണവും ഒക്കെ തെരഞ്ഞെടുക്കണം.
വായന എപ്പോൾ തുടങ്ങണം?
കണ്ണും കാതും തുറന്നു തുടങ്ങുന്പോൾ മുതൽ ഒരു കുട്ടിയെ പുസ്തകം പരിചയപ്പെടുത്താം. ചിത്രപുസ്തകങ്ങൾ കാണിക്കാം. കഥ വായിച്ചും പറഞ്ഞും കേൾപ്പിക്കാം. ഓഡിയോ ബുക്കുകൾ കേൾപ്പിക്കാം. പിന്നെ അക്ഷരം പഠിച്ചു തുടങ്ങുന്പോൾ ചിത്രങ്ങൾ നിറഞ്ഞ പുസ്തകങ്ങൾ കുട്ടിയെക്കൊണ്ടു വായിപ്പിച്ചു തുടങ്ങാം.
വീട്ടിലൊരു ലൈബ്രറി വേണോ?
പണ്ട് കുട്ടികൾക്ക് പൊതു ലൈബ്രറിയിലൊക്കെ പോയി പുസ്തകം വായിക്കാൻ സമയം കിട്ടിയിരുന്നു. ഇന്ന് പഠനത്തിന്റെ രീതികൾ മാറി. ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്. ലൈബ്രറിയിൽ പോകാനൊക്കെ സമയം തികയില്ല. വീട്ടിൽ ഒരു പുസ്തകാലയം ഉണ്ടായാലേ കാര്യമുള്ളൂ.
പണ്ട് ഓരോ വീടിന്റെയും ശരാശരി സാന്പത്തിക വരുമാനം വളരെ കുറവായിരുന്നു. പുസ്തകം വാങ്ങുന്നത് ആലോചിക്കാനേ കഴിയുമായിരുന്നില്ല. ഇന്ന് വരുമാനം കൂടി. ഇഷ്ടപ്പെട്ട പുസ്തകം വാങ്ങാനുള്ള പണം മാതാപിതാക്കൾക്കുണ്ട്. കുട്ടികൾക്ക് പോക്കറ്റ് മണിയും ലഭിക്കാറുണ്ട്. അതുകൊണ്ട് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കാൻ ബുദ്ധിമുട്ടില്ല.
മാതാപിതാക്കൾ ശ്രദ്ധിക്കാൻ
കവിത, ചിത്രം, നോവൽ, ആത്മകഥ, സയൻസ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലെ പുസ്തകങ്ങൾ വാങ്ങി വായിപ്പിക്കുക. ചെറുതായി തുടങ്ങുക. ഹോം ലൈബ്രറിയിൽ ഉണ്ടാകേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് വിദഗ്ധരെക്കൊണ്ട് രൂപപ്പെടുത്തുക. സ്വയം പുസ്തകം തെരഞ്ഞെടുക്കാനും വാങ്ങാനും പരിശീലിപ്പിക്കുക. മാതാപിതാക്കൾ പുസ്തകം വായിക്കണം. മാതാപിതാക്കളെ കുട്ടികൾ മാതൃകയാക്കണം. മാതാപിതാക്കൾക്കൊപ്പമിരുന്ന് പുസ്തകം വായിക്കണം. ദിവസവും ഒരു ചുരുങ്ങിയ സമയം ഒരു പുസ്തകം എല്ലാവരും ഒരുമിച്ചിരുന്ന് വായിച്ച് ചർച്ച ചെയ്യുന്നത് നല്ലത്.
പുസ്തകം ഉറക്കെ വായിക്കാൻ ചെറുപ്രായത്തിൽ നിർദേശിക്കുന്നത് വളരെ നല്ലതാണ്. ഇതു റിക്കാർഡ് ചെയ്ത് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും.
വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്റേഷൻ പ്രധാനപ്പെട്ടതാണ്. ആസ്വാദനം എഴുത്ത് മാത്രമല്ല. കഥാപാത്രങ്ങളുടെ ചിത്രീകരണം, തുടക്കവും ഒടുക്കവും മാറ്റൽ, കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും മാറ്റൽ തുടങ്ങി വായിച്ച പുസ്തകങ്ങളെ രസകരമായും ക്രിയേറ്റീവായും ഡോക്യുമെന്റ് ചെയ്യണം. അതിനുള്ള ബുക്ക് ജേർണലുകൾ ഇന്ന് ലഭ്യമാണ്. വളർന്നു വലുതായി വർഷങ്ങൾ പിന്നിടുന്പോൾ ഇങ്ങനെയെഴുതിയ ഡോക്യുമെന്റ് ജേർണൽ കൊതിപ്പിക്കുന്ന അനുഭവം നമുക്ക് സമ്മാനിക്കും.
ഹോം ലൈബ്രറിക്കുള്ള ഇടം
ഒരു വീട്ടിലെ ഒരു മുറി പൂർണമായും പുസ്തകങ്ങൾക്കായി രൂപപ്പെടുത്താം. ലോക-ഇന്ത്യൻ-മലയാള ക്ലാസിക്കുകൾ, കവിത മുതൽ ആത്മകഥ വരെ വൈവിധ്യമുള്ള ടൈറ്റിലുകൾ ഒക്കെ ശ്രദ്ധാപൂർവം തെരഞ്ഞെടുത്ത് വാങ്ങുക. ഒരു രജിസ്റ്ററിൽ പേരും വിവരങ്ങളും ചേർത്ത് എഴുതി സൂക്ഷിക്കുകയോ കംപ്യൂട്ടറിൽ രജിസ്റ്ററായി സൂക്ഷിക്കുകയോ ചെയ്യുന്നതു നന്ന്. ഓരോ സെക്ഷനിലും പെട്ട പുസ്തകങ്ങളെ പ്രത്യേകം പ്രത്യേകം മനോഹരമായി അടുക്കിവയ്ക്കുന്നത് നന്ന്. അക്ഷരമാല ക്രമത്തിലും പുസ്തകങ്ങൾ അടുക്കാം. അച്ചടിച്ച പുസ്തകങ്ങൾക്കൊപ്പം ഡിജിറ്റൽ, ഓഡിയോ ബുക്കുകളും ലൈബ്രറിയിൽ ഉൾപ്പെടുത്താം.
പരന്പരാഗത പുസ്തക ഷെൽഫുകളുടെ കാലം കഴിഞ്ഞു. മനോഹരമായ ഡിസൈനുകളിൽ കൊതിപ്പിക്കുന്ന വായനാന്തരീക്ഷം ഒരുക്കുന്ന ബുക്ക് ഫർണിച്ചറുകൾ ഇന്നു ലഭ്യമാണ്. ഒരു മുറിയിൽ പുസ്തകങ്ങളുടെ ഒരു മാന്ത്രികക്കോട്ട സൃഷ്ടിക്കാൻ കഴിയും. ഒന്നോ അതിലധികമോ പേർക്കിരിക്കാവുന്ന സീറ്റ് ക്രമീകരണം ഉണ്ടാകണം. ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ വലിപ്പത്തിന് അനുസരിച്ചുള്ള ഇരിപ്പിടം ഒരുക്കണം. എഴുത്തുകാരുടെ ചിത്രങ്ങൾ, പ്രശസ്തമായ മൊഴികൾ തുടങ്ങിയവ മുറിയുടെ ഭിത്തികളിൽ സ്ഥാപിക്കാം. വായനയ്ക്ക് കൂടുതൽ പ്രേരിപ്പിക്കുന്ന, മനസിന് ശാന്തി നൽകുന്ന സംഗീതം കേൾക്കുന്നതിനുള്ള ക്രമീകരണവും ഒരുക്കുന്നത് നല്ലത്. മുറിയിലെ പ്രകാശം മികവുള്ളതാകണം.
ഒരു മുറി വേണമെന്നില്ല. ഒരു മുറിയിലെയോ വരാന്തയിലെയോ ശാന്തമായ ഒരു ഇടമായാലും മതി. ലഭ്യമായ ഇടത്തിന് അനുയോജ്യമായ സുന്ദര ഫർണിച്ചറുകൾ പുസ്തകത്തിനായി ഒരുക്കിയെടുക്കുക.
ഒരു വീട്ടിലെ വ്യത്യസ്ത ഇടങ്ങളിൽ പുസ്തകം മനോഹരമായി നിറയ്ക്കുന്നതും ഹോം ലൈബ്രറിയിൽ സാധ്യമാണ്.
ഭക്ഷണം കഴിക്കുന്ന ഡൈനിംഗ് ടേബിളിൽ പ്രത്യേകം ഡിസൈൻ ചെയ്ത ഫർണിച്ചറോടെ ആസ്വാദ്യകരമായി കുറച്ച് പുസ്തകങ്ങളെ ക്രമീകരിക്കാം. എല്ലാ മുറികളിലും പ്രത്യേക ഇടങ്ങളിൽ വിഷയങ്ങൾക്കനുസരിച്ച് ചെറിയ ചെറിയ പുസ്തക ഷെൽഫുകളിൽ പുസ്തകങ്ങൾ ഒരുക്കാം.
ഫ്ളോട്ടിംഗ് ഷെൽഫുകളിൽ പുസ്തകങ്ങൾ നിറച്ചാൽ വീടാകെ പ്രയോജനപ്പെടുത്താം. റൂം ഡിവൈഡറായി ബുക്ക് ഷെൽഫുകളെ മാറ്റാം. ചുവരുകളിൽ കൊളുത്തിയ ഹുക്കുകളിലും ബാസ്ക്കറ്റുകളിലും പുസ്തകങ്ങൾ നിറയ്ക്കാം.
അടുക്കളയിൽ ഭക്ഷണം, പാചകം എന്നിവയൊക്കെ ഉൾപ്പെടുത്തിയുള്ള പുസ്തകങ്ങൾ വൈവിധ്യമാർന്ന ഷെൽഫുകളിൽ സൂക്ഷിക്കാം. ബെഡ്റൂമുകളിലും ചുരുക്കം പുസ്തകങ്ങൾ തെരഞ്ഞെടുത്ത് സൂക്ഷിക്കാവുന്നതാണ്.
ഔട്ട്ഹൗസുകളിലും മരങ്ങളോടു ചേർന്നുള്ള സ്ഥലങ്ങളിലും പുസ്തകകോർണറുകൾ രൂപപ്പെടുത്തുന്നത് നല്ലതാണ്. വീടിനോടു ചേർന്ന് മുറ്റത്തോ പുരയിടത്തിലോ മിയാവാക്കി കുട്ടിവനങ്ങൾ ഉണ്ടാക്കിയെടുത്ത് പുസ്തകകോർണർ രൂപപ്പെടുത്തിയാൽ വായന ദിവ്യാനുഭവമായി മാറും.
പുസ്തകം തെരഞ്ഞെടുക്കൽ, വായന, ചർച്ച, ബുക്ക് ബേസ്ഡ് ആക്ടിവിറ്റികൾ തുടങ്ങി പുസ്തക ജീവൽപ്രക്രിയകൾ ചേർന്ന വീട് രൂപപ്പെടും. ആനന്ദം നിറഞ്ഞ ഒരിടം അഥവാ ഒരു വീട്ടിലെ ലൈബ്രറി അനന്തമായ സാധ്യതകൾ നിറഞ്ഞ പുതിയ ലോകത്തേക്കുള്ള മാന്ത്രിക വാതിലാകുന്നു.
ഏബ്രഹാം കുര്യൻ,ഡയറക്ടർ,ലിവിംഗ് ലീഫ് ആൻഡ് ട്രൈബ് ലൈഫ് ഇനിഷ്യേറ്റീവ്,
മൂന്നാർ