ഇ.പി. ജയരാജന്റെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പോലീസ്
Thursday, May 23, 2024 2:39 AM IST
തിരുവനന്തപുരം: എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജന്റെ ഗൂഢാലോചന പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പോലീസ്. പരാതി പ്രകാരം നേരിട്ടു കേസെടുക്കാൻ ആധികാരികമായ മൊഴികളോ സാഹചര്യ തെളിവുകളോ ഇല്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കോടതി നിർദേശിക്കുകയാണെങ്കിൽ മാത്രം കേസെടുക്കാമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
ഇ.പി. ജയരാജൻ ബിജെപിയിലേക്കു പോകാൻ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന പ്രചാരണത്തിൽ ഗുഢാലോചനയുണ്ടെന്നാരോപിച്ചാണ് ഇ.പി. സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.
ഡിജിപിയുടെ നിർദേശാനുസരണം കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണറാണ് ഇതു സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
സിപിഎമ്മിലെ ഉന്നതനേതാവ് ബിജെപിയിലേക്കു ചേരാൻ 90 ശതമാനം ചർച്ചകളും പൂർത്തിയാക്കിയിരുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് വെളിപ്പെടുത്തൽ നടത്തിയത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഇപിയുടെ പേര് വെളിപ്പെടുത്തിയിരുന്നു.
പ്രതിപക്ഷം ഇത് തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെ ഇപിയെ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടി ഇപിക്ക് പിന്തുണ നൽകുകയായിരുന്നു.
തന്റെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പോലീസ് തന്നെ അറിയിച്ചിട്ടില്ലെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഇ.പി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശോഭാ സുരേന്ദ്രൻ, കെ. സുധാകരൻ എന്നിവർക്കെതിരേ വക്കീൽ നോട്ടീസ് അയച്ചുവെന്നും ഇരുവരും മറുപടി നൽകിയില്ലെന്നുമാണ് ഇ.പി. പറയുന്നത്.
അതേസമയം, ബിജെപി നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ ഇ.പിയുടെ മകന്റെ കഴക്കൂട്ടത്തെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നുവെന്നും കുറച്ച് സമയം മാത്രമായിരുന്നു സന്ദർശനമെന്നും ഇ.പിയും മകനും പോലീസിനോട് വ്യക്തമാക്കിയിരുന്നു.