റവ. ഡോ. തോമസ് മാമ്പ്ര ജ്ഞാനിയും ദാർശനികനും
Thursday, May 23, 2024 1:57 AM IST
ഡോ. ജോസഫ് വർഗീസ് കുരീത്തറ സിഎംഐ
സിഎംഐ സഭാസ്ഥാപകനായ വിശുദ്ധ ചാവറയച്ചന്റെ ജന്മത്താൽ പ്രശസ്തമായ കൈനകരിയിൽ ജനിച്ച് ചാവറയച്ചന്റെ പിൻഗാമിയായി സഭയെ നയിക്കാൻ നിയുക്തനായതുവഴി അത്യപൂർവമായ ഭാഗ്യം സിദ്ധിച്ച വൈദിക ശ്രേഷ്ഠനായിരുന്നു ഇന്നലെ അന്തരിച്ച റവ.ഡോ. തോമസ് മാമ്പ്ര. സഭാ പിതാക്കന്മാരിൽ വിളങ്ങിയിരുന്ന തീക്ഷ്ണതയും സഭാസ്നേഹവും സഹജീവികളോടുള്ള കരുണയും സ്നേഹവും കരുതലും മാമ്പ്രയച്ചന്റെ കൈമുതലായിരുന്നു.
കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ, മത മേഖലകളെക്കുറിച്ച് അദ്ദേഹത്തിന് അഗാധമായ അറിവും തനതായ വീക്ഷണവുമുണ്ടായിരുന്നു. മണിക്കൂറുകളോളം വായനയിൽ ചെലവഴിച്ചിരുന്ന അദ്ദേഹം ആരോഗ്യകരമായ ചർച്ചകളിലും സംഭാഷണങ്ങളിലും ഏർപ്പെടാൻ ഉത്സുകനായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകൾ അദ്ദേഹത്തിന്റെതന്നെ ഗവേഷണാടിത്തറയിൽ പണിതുയർത്തിയതും കാലികമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു.
സഭാനേതാവും സഭാംഗവുമെന്ന രീതിയിൽ അദ്ദേഹത്തിന്റെ നിലപാടുകൾ കത്തോലിക്കാ സഭയുടെ ദൈവശാസ്ത്രത്തിൽ ഉറപ്പിക്കപ്പെട്ടതും ഈശോയുടെ രക്ഷാകരമായ അനുകമ്പയിൽ ചാലിച്ചെടുത്തതുമായിരുന്നു.
സന്യാസിയുടെ എളിമയും വൈദികന്റെ വിശുദ്ധിയും ധാരാളമുണ്ടായിരുന്ന ഫാ. തോമസ് സിഎംഐ സഭയിൽ 40 വർഷത്തോളം വിവിധങ്ങളായ തലത്തിൽ നേതൃത്വം വഹിച്ചു. വളരെ സ്വാഭാവികവും അനായാസേനയുമുള്ള അദ്ദേഹത്തിന്റെ നേതൃത്വം, അദ്ദേഹത്തിന്റെ ശുശ്രൂഷ സ്വീകരിച്ചവർക്കെല്ലാംതന്നെ നല്ല ഓർമകൾ നൽകുന്നതായിരുന്നു.
ബംഗളൂരുവിലെ ധർമാരാം സെമിനാരിയിൽ റെക്ടറായി 1984 മുതൽ 1990 വരെ അദ്ദേഹം ശുശ്രൂഷ ചെയ്തപ്പോൾ വൈദിക വിദ്യാർഥികളുടെ അച്ചടക്കത്തിലും രൂപീകരണത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന ശ്രദ്ധയെക്കുറിച്ച് അന്നവിടെ ഉണ്ടായിരുന്ന വിദ്യാർഥികൾ എന്നും നന്ദിയോടെ സ്മരിക്കും.
1984 മുതൽ 1996 വരെ ബംഗളൂരു ക്രൈസ്റ്റ് കോളജിന് ചെയ്ത സംഭാവനകളാണ് ഇന്ന് പ്രശസ്തമായ നിലയിൽ പ്രവർത്തിക്കാൻ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയെ സഹായിക്കുന്നത്.
1975 മുതൽ, പട്യാലയിലെ പഞ്ചാബി സർവകലാശാലയിലെ അധ്യാപകനായിരുന്നുവെന്നത് മറ്റൊരു വൈദികനും ലഭിക്കാനാവാത്ത അംഗീകാരമാണ്. പിന്നീട് റോമിലെ അഞ്ചെലിക്കും സർവകലാശാലയിലും ബംഗളൂരുവിലെ ധർമാരാം വിദ്യാക്ഷേത്രത്തിലും വാർധയിലെ ദർശനയിലും നിരവധി വർഷങ്ങൾ അദ്ദേഹം പഠിപ്പിക്കുകയും തന്റെ ശിക്ഷണത്തിലായിരുന്നവരെ പുസ്തക-ഗവേഷണ ലേഖന രചനയിലേക്കും ഉപരിപഠനത്തിലേക്കും നയിക്കുകയും ചെയ്തു.
സ്നേഹം തുളുമ്പുന്ന വാക്കുകളും പ്രോത്സാഹജനകമായ ശിക്ഷണവും കേൾക്കുന്നതിലുള്ള ക്ഷേമനിർഭരമായ ശ്രദ്ധയും ഭിന്നാശയക്കാരെപ്പോലും കൂടെ നിർത്തുകയും ചെയ്യുന്ന ഹൃദയവിശാലതയും അത്ഭുതാവഹമായ രീതിയിൽ സ്വായത്തമാക്കിയിരുന്നു തോമസച്ചൻ.