കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ കുടുങ്ങിയ പുലി രക്ഷാശ്രമത്തിനിടെ ചത്തു
Thursday, May 23, 2024 1:57 AM IST
കൊല്ലങ്കോട് (പാലക്കാട്): വാഴപ്പുഴയിൽ കമ്പിവേലിയിൽ അകപ്പെട്ട പുലി വനംവകുപ്പ് അധികൃതരുടെ രക്ഷാശ്രമത്തിനിടെ ചത്തു. തോട്ടശേരിക്കു സമീപം ഇന്നലെ പുലർച്ചെയാണു പുലിയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ചർ പ്രമോദ്, അസിസ്റ്റന്റ് പി.എസ്. മണി എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ രക്ഷാപ്രവർത്തനം തുടങ്ങി.
പതിനൊന്നോടെ മയക്കുവെടിവച്ച് കമ്പികൾക്കിടയിൽനിന്നു പുറത്തെടുത്തു. എന്നാൽ മണിക്കൂറുകൾക്കകം ചാവുകയായിരുന്നു.
പുലിക്ക് നാലുവയസ് തോന്നിക്കും. ഇന്നു രാവിലെ മണ്ണുത്തി വെറ്ററിനറി കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും. ഇതിനുശേഷമേ മരണകാരണം വ്യക്തമാകൂ. മുന്പും തോട്ടശേരിക്കു സമീപം നാട്ടുകാർ പുലിയെ കണ്ടിരുന്നതായി അറിയിച്ചിരുന്നു.
അന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും കണ്ടിരുന്നില്ല. പുലി കമ്പിവേലിയിൽ കുടുങ്ങിയതറിഞ്ഞ് വൻ ജനാവലി സ്ഥലത്തെത്തിയിരുന്നു.