പാനൂരിലെ വിവാദ സ്മാരക ഉദ്ഘാടനം;എം.വി. ഗോവിന്ദൻ പങ്കെടുത്തില്ല; കോടിയേരിയുടെ നിലപാടിലെന്ന് വിലയിരുത്തൽ
Thursday, May 23, 2024 1:57 AM IST
കണ്ണൂര്: ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സിപിഎം നിർമിച്ച രക്തസാക്ഷി മന്ദിരം ഉദ്ഘാടനത്തിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എത്തിയില്ല.
ഗോവിന്ദന് പകരം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി നിർവഹിക്കുമെന്ന് കാണിച്ച് പാർട്ടി നോട്ടീസടിച്ച് പ്രചാരണവും നടത്തിയിരുന്നു.
ഇതിനിടെയാണ് സ്മാരക മന്ദിര ഉദ്ഘാടനം വിവാദമായത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കഴിഞ്ഞ ദിവസം വരെ താൻ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യം എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നില്ലെങ്കിലും പങ്കെടുക്കുമെന്ന് തന്നെയായിരുന്നു നേതാക്കളും പ്രവർത്തകരും കരുതിയത്.
ഇതുപ്രകാരം ഉദ്ഘാടകൻ എം.വി. ഗോവിന്ദൻ എംഎൽഎ, സിപിഎം സംസ്ഥാന സെക്രട്ടറിയെന്ന് രേഖപ്പെടുത്തിയ ശിലാഫലകവും തയാറാക്കിയിരുന്നു. പരിപാടി നടക്കാനിരിക്കേ അവസാന ഘട്ടത്തിലാണ് എം.വി. ഗോവിന്ദൻ പങ്കെടുക്കില്ലെന്ന അറിയിപ്പ് ലഭിച്ചത്. ഇതേത്തുടർന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഷൈജുവും സുബീഷും എല്ലാ കാലവും പാർട്ടിയെ സ്നേഹിച്ചവരായിരുന്നുവെന്നും ഒരു നാട് മുഴുവൻ ഇവരെയും സ്നേഹിച്ചിരുന്നുവെന്നും എം.വി. ജയരാജൻ പറഞ്ഞു. ഇവരെ ഒരിക്കലും പാർട്ടി തള്ളിപ്പറഞ്ഞിട്ടില്ല. കഴിഞ്ഞ ഒൻപത് വർഷമായി ഇവരുടെ രക്തസാക്ഷിത്വ ദിനാചരണം നടത്താറുണ്ടെന്നും എം.വി.ജയരാജൻ പറഞ്ഞു.
അതേസമയം എം.വി. ഗോവിന്ദൻ പങ്കെടുക്കാതിരുന്നത് പാനൂർ മേഖലയിലെ പാർട്ടി പ്രവർത്തകരിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇരുവരും സ്ഫോടനത്തിൽ കൊല്ലപ്പെട്ട സമയത്ത് സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനോട് യോജിക്കുന്നതിനാലാകാം എം.വി. ഗോവിന്ദൻ വിട്ടുനിന്നതെന്ന അഭിപ്രായവും ചില നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ട്. വരും ദിവസങ്ങളിൽ ചെറ്റക്കണ്ടി രക്തസാക്ഷി സ്മാരക മന്ദിര ഉദ്ഘാടനം പാർട്ടിക്കുള്ളിലും പുറത്തും വീണ്ടും ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.
2015 ജൂൺ ആറിനായിരുന്നു ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കുന്നിൻമുകളിൽവച്ച് ബോംബ് നിർമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് ഇരുവരും മരിച്ചതെന്നായിരുന്നു പോലീസ് എഫ്ഐആർ. ഇതിനു പിന്നാലെയാണ് അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ സ്ഫോടനവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് കൊല്ലപ്പെട്ടവരെ തള്ളിപ്പറഞ്ഞത്.
എന്നാൽ അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ ഇരുവരും ആർഎസ്എസിനെ പ്രതിരോധിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്നും ഇരുവരും രക്തസാക്ഷികളാണെന്നും പറഞ്ഞത് വലിയ ചർച്ചയായിരുന്നു.
സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി തള്ളിപ്പറഞ്ഞുവെങ്കിലും അന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിലും പാർട്ടി സ്ഥലത്ത് സംസ്കരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പി. ജയരാജൻ മുന്നിലുണ്ടായിരുന്നു. ഇന്നലെ ഇരുവരുടെയും പേരിലുള്ള മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും പി. ജയരാജൻ സജീവമായിരുന്നു.