കടക്കെണി ഭീതിയില്‍ മത്സ്യകര്‍ഷകര്‍
Wednesday, May 22, 2024 12:51 AM IST
അനിൽ തോമസ്
കൊച്ചി: പെരിയാറില്‍ ഇന്നലെയുണ്ടായ മത്സ്യക്കുരുതിക്ക് പിന്നാലെ നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തുകയാണ് കൂടുകൃഷി കര്‍ഷകര്‍.
ഒരു വര്‍ഷത്തെ ഉറക്കമിളപ്പിനും കഷ്ടപ്പാടുകള്‍ക്കുമൊടുവില്‍ ഭേദപ്പെട്ട പ്രതിഫലം പ്രതീക്ഷിച്ച് കൃഷിയിറക്കിയ ഒരു ഡസനോളം വരുന്ന കൂടുകൃഷി കര്‍ഷകരാണ് ഏലൂരിലെ വ്യവസായ സ്ഥാപനങ്ങള്‍ കാരണക്കാരായ മത്സ്യക്കുരുതിയില്‍ നഷ്ടങ്ങളുടെ നിലയില്ലാക്കയത്തിലേക്കു വീണത്. കടം വാങ്ങിയും ലോണെടുത്തും സംരംഭം നടത്തുന്ന ഇവരില്‍ പലര്‍ക്കും ഇന്ഷ്വറന്സില്ലാത്തതും ആഘാതത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.
നാലു മുതല്‍ 13 വരെ കൂടുകളാണ് ഓരോ കര്ഷകനുമുള്ളത്. ഇതിന്റെ നിര്‍മാണത്തിനായി വേണം ലക്ഷങ്ങള്‍. ഓരോ കൂട്ടിലും നിക്ഷേപിച്ച 1300 ഓളം മത്സ്യക്കുഞ്ഞുങ്ങള്‍ പാതി വളര്‍ച്ച പിന്നിട്ടപ്പോഴായിരുന്നു പ്രതീക്ഷിക്കാതെയുള്ള തിരിച്ചടിയുണ്ടായത്. ലക്ഷങ്ങള്‍ മുടക്കിയാണ് ഇവയ്ക്കുള്ള തീറ്റ തയാറാക്കി നല്‍കുന്നത്.
രാത്രിയും പകലുമില്ലാതെ സൂക്ഷ്മമായ പരിപാലനവും നല്കി. കൃഷിയിറക്കുന്നതിന്റെ 15 മുതല്‍ 20 ശതമാനം വരെ നഷ്ടമാകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും മുഴുവന്‍ മത്സ്യങ്ങളും ചത്തുപൊങ്ങുംവിധമൊരു മത്സ്യക്കുരുതി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കൂടുകൃഷി സംരംഭകരായ ഗ്രാറ്റസ്-ജോസ്ന ദമ്പതിമാര്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ സംരംഭ സഹായ പദ്ധതിവഴി ലഭിച്ച മൂന്നു ലക്ഷം രൂപയും ലോണുമൊക്കെ ഉപയോഗിച്ചാണ് ഇവര്‍ കൂടുകൃഷി ആരംഭിച്ചത്. ഡിസംബറില്‍ വിളവെടുക്കാനിരിക്കുകയായിരുന്നു. ഇതിനിടെ 13 ലക്ഷം രൂപ ചെലവഴിച്ചു.
പൂര്‍ണ വളര്ച്ചയെത്തിയിരുന്നുവെങ്കില് ഇരട്ടി വില കിട്ടുമായിരുന്നു. ഇന്‍ഷ്വറന്‍സ് ഇല്ലാത്തതിനാല്‍ മുഴുവന്‍ പണവും നഷ്ടമാകും. സര്‍ക്കാരിന്റെയോ പഞ്ചായത്തിന്റെയോ സഹായം ലഭിച്ചില്ലെങ്കില്‍ കടക്കെണിയിലാകുമെന്ന ആശങ്കയിലാണ് തങ്ങളെന്ന് ഇരുവരും പറയുന്നു.
ഇത്തരത്തില്‍ പത്തോളം കൂടുകൃഷികളാണ് പാതാളം മുതല്‍ ചേരാനെല്ലൂര്‍ വരെയുള്ള ഭാഗത്തുള്ളത്. പുഴയിലെ മത്സ്യസമ്പത്ത് പൂര്‍ണമായി ഇല്ലാതായതിനാല്‍ ചീനവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളും പ്രതിസന്ധിയിലായി.
പുഴയിലെ സ്വാഭാവിക മത്സ്യസമ്പത്ത് കൈവരിക്കാന്‍ കുറഞ്ഞത് രണ്ടു മാസമെങ്കിലും പിടിക്കും. അതുവരെ എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണ് മത്സ്യബന്ധനത്തൊഴിലാളികളും.