ഡോ. കെ.പി. യോഹന്നാന് അന്ത്യാഞ്ജലി
Wednesday, May 22, 2024 12:51 AM IST
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭാധ്യക്ഷന് അന്തരിച്ച ഡോ. കെ.പി. യോഹന്നാന്റെ (മാര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍) ഭൗതികശരീരം സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് കത്തീഡ്രലിനോടു ചേര്‍ന്ന് കബറടക്കി. ഇന്നലെ ഉച്ചയോടെയാണ് സംസ്കാര ശുശ്രൂഷ പൂര്‍ത്തിയായത്.
സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം. ബിലീവേഴ്സ് കണ്വന്ഷന് സെന്ററിലെ പൊതുദര്‍ശനത്തിനുശേഷം പോലീസ് സേന അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രി വീണാ ജോര്‍ജ്, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, മാത്യു ടി. തോമസ് എംഎല്‍എ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് വിലാപയാത്രയായി അന്തിമഘട്ട ശുശ്രൂഷകള്‍ക്കായി ഭൗതികശരീരം സെന്റ് തോമസ് കത്തീഡ്രലിലേക്ക് കൊണ്ടുപോയി. കത്തീഡ്രലില്‍ അവസാനഘട്ട വിടവാങ്ങല്‍ ശുശ്രൂഷയ്ക്കുശേഷം സംസ്കാരത്തിനായി ഭൗതികശരീരം ദേവാലയത്തിനു പുറത്തേക്കെടുത്തു.
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അഡ്മിനിസ്ട്രേറ്റര്‍ സാമുവല്‍ മാര്‍ തിയോഫിലോസ് കാര്‍മികത്വം വഹിച്ചു. മദ്ബഹായ്ക്കു സമീപം തയാറാക്കിയ പ്രത്യേക കല്ലറയില്‍ കെ.പി. യോഹന്നാന് അന്തിമവിശ്രമവുമായി.