വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ
Wednesday, May 22, 2024 12:51 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം നരകയാതന അനുഭവിച്ച പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹർഷിനയെ വീണ്ടും ശസ്ത്രക്രിയക്കു വിധേയയാക്കി.
ഏഴു വർഷത്തോളം വയറ്റിൽ കത്രിക കിടന്നിരുന്ന അടിവയറിന്റെ ഇടതുവശത്തു മുഴ രൂപപ്പെട്ടത് കടുത്ത ശാരീരിക പ്രശ്നങ്ങൾ സൃഷ്ടിച്ചതോടെയാണ് വീണ്ടും ഹർഷിന വൈദ്യസഹായം തേടിയത്.
മലാപറന്പിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ നടത്തിയ ശസ്ത്രക്രിയയിൽ വയറ്റിലെ മുഴ നീക്കം ചെയ്തു. ഹർഷിനയെ ഐസിയുവിലേക്കു മാറ്റി.
ഡോക്ടർമാർക്ക് തെറ്റുപറ്റിയെന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് കണ്ടെത്തിയെങ്കിലും ഹർഷിനയ്ക്ക് സർക്കാർ ഇതുവരെ സാന്പത്തികസഹായം ലഭ്യമാക്കിയിട്ടില്ല.
സർക്കാർ ഹർഷിനയോടൊപ്പമാണെന്ന് ആരോഗ്യമന്ത്രി ആവർത്തിച്ചു പ്രഖ്യാപിച്ചതല്ലാതെ നടപടികളൊന്നും ഉണ്ടാവാത്ത സാഹചര്യത്തിൽ തുടർചികിത്സ, തുടർ നിയമപോരാട്ടം എന്നിവയ്ക്കാവശ്യമായ പണം കണ്ടെത്താൻ ഹർഷിന ചികിത്സാ സഹായ സമരസമിതി ജനകീയ ഫണ്ട് സമാഹരണം ആരംഭിച്ചിട്ടുണ്ട്.