ഉള്ഭരണാധികാര സ്വാതന്ത്ര്യം നിലനിര്‍ത്തി ഭരണഘടനാ ഭേദഗതിയുമായി ക്നാനായ അസോസിയേഷന്
Wednesday, May 22, 2024 12:51 AM IST
കോട്ടയം: ഉള്ഭരണാധികാര സ്വാതന്ത്ര്യം നിലനിര്‍ത്തിയുള്ള ഭരണഘടനാ ഭേദഗതി നടത്തി ക്നാനായ അസോസിയേഷന്. ചിങ്ങവനം മാര്‍ അപ്രേം സെമിനാരിയിലെ അസോസിയേഷന് ഹാളില്‍ പ്രസിഡന്റ് ഫാ. വി.എ. ഏബ്രഹാം ഇളശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഭേദഗതി കൈക്കൊണ്ടത്.
സമുദായത്തിന്റെ ഉള്ഭരണാധികാര സ്വാതന്ത്ര്യം ഉള്‍പ്പെടെ അജണ്ടയില്‍ നിശ്ചയിച്ചിരുന്ന എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്ത് ഭൂരിപക്ഷ പിന്തുണയോടെ ഭരണഘടന ഭേദഗതി ചെയ്തതായി സമുദായ സെക്രട്ടറി ടി.ഒ. ഏബ്രഹാം അറിയിച്ചു.
സമുദായ മെത്രാപ്പോലീത്ത ഒഴികെ സഹായ മെത്രാപ്പോലീത്തമാര്‍ക്ക് 75 വയസിനു ശേഷം റിട്ടയര്‍മെന്റ് മതിയെന്ന് യോഗം നിജപ്പെടുത്തി. സമുദായ മെത്രാപ്പോലീത്തയുടെ അനുവാദമില്ലാതെ പള്ളികളിലേക്ക് കല്പനകള് അയയ്ക്കുവാന് സഹായ മെത്രാപ്പോലീത്തമാര്‍ക്ക് അനുവാദമില്ല എന്ന് തുടങ്ങി പല നിര്‍ണായക തീരുമാനങ്ങളും അസോസിയേഷനില്‍ ഉണ്ടായി.
പാത്രിയാര്‍ക്കീസ് ബാവയുടെ സസ്പെന്ഷന് നടപടി അംഗീകരിക്കില്ല, നിലവിലെ സാഹചര്യങ്ങള്‍ക്ക് വഴിതെളിച്ച സഹായ മെത്രാന്മാരെ സമുദായത്തിന്റെ ഔദ്യോഗിക പരിപാടികളില്‍ ക്ഷണിക്കേണ്ടായെന്നും അസോസിയേഷന് തീരുമാനിച്ചു.
നിയമപരമായി നിലനില്‍ക്കില്ലന്ന് മുന്‍ സമുദായ സെക്രട്ടറി
അസോസിയേഷന് തീരുമാനങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലന്ന് മുന്‍ സമുദായ സെക്രട്ടറി ഏലിയാസ് സഖറിയ പറഞ്ഞു.
ക്നാനായ ഭരണഘടനക്കെതിരായ തീരുമാനമാണ് ഇന്നലെ എടുത്തത്. അപ്പലറ്റ് അധികാരി ആണ് പാത്രിയര്‍ക്കീസ് ബാവ എന്നിരിക്കെ മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്താലും ബാവ അംഗീകാരം നല്‍കണമെന്നാണ് വ്യവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.