വെള്ളമുണ്ട മാവോയിസ്റ്റ് കേസ്: ഒന്നാം പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും
Saturday, April 13, 2024 1:21 AM IST
കൊച്ചി: വെള്ളമുണ്ട മാവോയിസ്റ്റ് ആക്രമണ കേസിലെ പ്രതികൾക്ക് എന്‍ഐഎ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി രൂപേഷിന് പത്തു വര്‍ഷം കഠിന തടവും പിഴയുമാണ് ശിക്ഷ. മറ്റു പ്രതികളായ കന്യാകുമാരിക്കും ബാബുവിനും ആറു വര്‍ഷം തടവുശിക്ഷയും അനൂപ് മാത്യുവിന് എട്ടു വര്‍ഷവുമാണ് ശിക്ഷ. കൊച്ചി എന്‍ഐഎ കോടതി ജഡ്ജി കെ. കമനീസാണ് ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നാം പ്രതി രൂപേഷിന് വിവിധ വകുപ്പുകളിലായാണു ശിക്ഷിച്ചത്. രൂപേഷിന് യുഎപിഎ വകുപ്പ് 16(1) പ്രകാരം പത്തു വര്‍ഷം കഠിതടവും 50,000 രൂപയും പിഴയുമാണ് ശിക്ഷ. കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 435 പ്രകാരം നാലു വര്‍ഷം കഠിന തടവും 15000 രൂപ പിഴയും ഐപിസി വകുപ്പ് 427 പ്രകാരം രണ്ടു വര്‍ഷത്തെ കഠിന തടവും ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 452 പ്രകാരം നാലു വര്‍ഷം കഠിന തടവും 20,000 രൂപയും വകുപ്പ് 506 പ്രകാരം മൂന്നു മാസത്തെ കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.
യുഎപിഎ വകുപ്പുകള്‍ 18, 20 പ്രകാരം പത്തു വര്‍ഷത്തെ കഠിന തടവും 30000 രൂപ പിഴയും ഓരോ വകുപ്പിനും രൂപേഷിനെ ശിക്ഷിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. വിചാരണ കാലയളവില്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
യുഎപിഎ നിയമപ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. രൂപേഷിനെതിരേ ആയുധ നിയമവും എസ്സി എസ്ടി നിയമവും തെളിഞ്ഞിരുന്നില്ല. കന്യാകുമാരിക്ക് യുഎപിഎ 38 പ്രകാരം മാത്രമാണു ശിക്ഷ. അനൂപിനെതിരേ ഗൂഢാലോചന കുറ്റം തെളിയിക്കാനും എന്‍ഐഎക്ക് കഴിഞ്ഞില്ല.
2014 ഏപ്രില്‍ 24ന് സിവില്‍ പോലീസ് ഓഫീസറായ പ്രമോദിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി വാഹനം കത്തിച്ചെന്നാണു പ്രതികള്‍ക്കെതിരായ കേസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാവോയിസ്റ്റുകളെക്കുറിച്ച് വിവരം നല്‍കിയതിനായിരുന്നു പ്രമോദിനെതിരേ നീക്കമുണ്ടായത്.
വയനാട് ജില്ലയില്‍ മാവോയിസ്റ്റുകള്‍ നേരിട്ട് ആക്രമണത്തിനു മുതിര്‍ന്ന ആദ്യ സംഭവമായിരുന്നു ഇത്. 2016ലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. മാവോയിസ്റ്റ് ആക്രമണത്തില്‍ കേരളത്തില്‍നിന്ന് എന്‍ഐഎ ഏറ്റെടുത്ത ആദ്യത്തെ കേസായിരുന്നു ഇത്.
പിന്നീടും വെള്ളമുണ്ട, തൊണ്ടര്‍നാട് മേഖലകളില്‍ നിരവധി തവണ മാവോയിസ്റ്റ് ആക്രമണമുണ്ടായി. തൊണ്ടര്‍നാട് ചപ്പ വനമേഖലയില്‍ 2014 ഡിസംബറില്‍ തന്നെ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സേനയ്ക്കുനേരെ വെടിയുതിര്‍ത്തിരുന്നു.