ചക്ക പറിച്ച് കാൽവഴുതി ആന കുളത്തിൽ
Saturday, April 13, 2024 1:21 AM IST
കോതമംഗലം: കോട്ടപ്പടിയിൽ ജനവാസമേഖലയിലെ കുളത്തിൽ വീണ കാട്ടാനയെ 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കരയ്ക്കു കയറ്റി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണു മാറ്റിയാണ് ആനയെ കരയ്ക്കെത്തിച്ചത്.
സ്ഥലത്തു പതിവായി ശല്യമുണ്ടാക്കുന്ന കാട്ടാനയെ മയക്കുവെടിവച്ച് കാട്ടിൽ വിടുമെന്ന ഉറപ്പ് പാലിക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ തങ്ങളെ വഞ്ചിച്ചെന്ന് സ്ഥലമുടമയും നാട്ടുകാരും ആരോപിച്ചു. കരയ്ക്കു കയറിയ കാട്ടാന വനത്തിലേക്ക് ഓടിമറഞ്ഞെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആനയുടെ ശരീരത്തിൽ പലയിടത്തും പരിക്കേറ്റിട്ടുണ്ട്.
കോട്ടപ്പടി വടക്കുംഭാഗത്ത് മുട്ടത്തുപാറയിൽ ഇന്നലെ പുലർച്ചെയാണു കൂലാഞ്ഞി പത്രോസിന്റെ കുളത്തിൽ പത്തു വയസ് തോന്നിക്കുന്ന കൊമ്പനാന വീണത്.
പ്രദേശത്തെ പത്തോളം വീട്ടുകാർ കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗിക്കുന്ന കുളമാണിത്. വീടിനു പിന്നിലെ പ്ലാവിൽനിന്നും ചക്ക പറിച്ചതിനുശേഷം മുന്നോട്ടുനീങ്ങുന്നതിനിടെ കാൽവഴുതിയാണ് ആന കുളത്തിൽ വീണത്.
വന്യമൃഗശല്യത്തിനു സ്ഥിരമായ പരിഹാരം ഉണ്ടാക്കണമെന്നും രേഖാമൂലം എഴുതി നൽകണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാർ രാവിലെ മുതൽ സ്ഥലത്തു പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. പ്രതിഷേധം കനത്തതോടെ ജനങ്ങളെ സ്ഥലത്തുനിന്ന് നീക്കുന്നതിന് കോട്ടപ്പടി പഞ്ചായത്തിലെ ഒന്നു മുതൽ നാലു വരെയുള്ള വാർഡുകളിൽ 24 മണിക്കൂർ അധികൃതർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സ്ഥിരമായി ശല്യമുണ്ടാക്കുന്ന ആനയെ മയക്കുവെടി വയ്ക്കണമെന്ന ആവശ്യത്തിൽ നാട്ടുകാർ ഉറച്ചു നിന്നു. മണ്ണ് നീക്കം ചെയ്യാനെത്തിയ ജെസിബി തടയാൻ ശ്രമിച്ചവരെ പോലീസ് നീക്കി.
കുളം വറ്റിച്ചശേഷം ആനയെ മയക്കുവെടി വച്ചു കരയ്ക്കു കയറ്റാമെന്നും സ്ഥലമുടമയ്ക്കുണ്ടാകുന്ന നഷ്ടം കണക്കാക്കി പഞ്ചായത്ത് മുഖേന നഷ്ടപരിഹാരം നൽകാമെന്നും അധികൃതർ ഉറപ്പ് നൽകിയശേഷമാണു ജെസിബി ഉപയോഗിച്ചു മണ്ണ് മാറ്റിത്തുടങ്ങിയത്.
മലയാറ്റൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനംവകുപ്പും എഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. വൈകുന്നേരം കനത്ത മഴയ്ക്കിടെ ജെസിബി ഉപയോഗിച്ച് ഒരുക്കിയ വഴിയിലൂടെ ആന കരയ്ക്കു കയറി ഓടി മറയുകയായിരുന്നു.
തങ്ങളെ ഉദ്യോഗസ്ഥർ പറഞ്ഞു പറ്റിച്ചാണ് കുളത്തിൽ വീണ കാട്ടാനയെ കരയ്ക്കു കയറ്റി വിട്ടതെന്ന് കോട്ടപ്പടി നിവാസികൾ ആരോപിച്ചു. വാക്കുപറഞ്ഞ വനപാലകരും ആനയ്ക്കൊപ്പം സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടതായും അവർ ചൂണ്ടിക്കാട്ടി.
രാത്രി വൈകിയും പ്രതിഷേധവുമായി നാട്ടുകാർ സ്ഥലത്തുണ്ട്. മണ്ണുമാന്തിയന്ത്രവും ഏതാനും വനപാലകരെയും നാട്ടുകാർ ഏറെനേരം തടഞ്ഞുവച്ചു.