നാടിളക്കി പ്രതിഷേധം, സംഘർഷം
Tuesday, March 5, 2024 2:32 AM IST
ജിജു കോതമംഗലം
കോതമംഗലം: കാട്ടാന വീണ്ടും ഒരു ജീവന്‍കൂടി എടുത്തതോടെ കോതമംഗലത്ത് പ്രതിഷേധമിരമ്പി. വന്യജീവി ശല്യത്തില്‍ പൊറുതിമുട്ടിയ മലയോര ജനതയുടെ ആകുലതകളൊക്കെയും അണപൊട്ടിയൊഴുകുന്നതായി കോതമംഗലം ടൗണിലെ അസാധാരണ പ്രതിഷേധം. നേര്യമംഗലം കാഞ്ഞിരവേലിയിലെ ഇന്ദിരാ രാമകൃഷ്ണന് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതിഷേധം തുടങ്ങിയത്.
കോതമംഗലം താലൂക്ക് ആശുപത്രിയില്‍നിന്ന് ഇന്ദിരയുടെ മൃതദേഹം ബന്ധുക്കളുടെ അനുമതിയോടെ യുഡിഎഫ് നേതാക്കള്‍ പുറത്തെടുത്ത് റോഡിലെത്തിച്ചതോടെ പ്രതിഷേധങ്ങള്‍ വൈകാരികമായി. തടയാന്‍ ശ്രമിച്ച പോലീസിനെ തള്ളിമാറ്റിയാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും മൃതദേഹം റോഡിലെത്തിച്ചത്.
ദേശീയപാതയില്‍ ഗാന്ധിസ്ക്വയറിന് സമീപം ഇന്ദിരയുടെ മൃതദേഹം സ്ട്രെച്ചറില്‍ കിടത്തിയതോടെ പ്രതിഷേധം ശക്തമായി.
ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ മാത്യു കുഴല്നാടന്, എല്‍ദോസ് കുന്നപ്പിള്ളി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരം നീണ്ടതിനെത്തുടര്‍ന്ന് സമരക്കാര്‍ മൃതദേഹം മൊബൈല്‍ ഫ്രീസറിലാക്കി.