സ്നേഹസുഗന്ധം മാഞ്ഞു; രാമകൃഷ്ണൻ തനിച്ചായി
Tuesday, March 5, 2024 2:31 AM IST
കെ. കൃഷ്ണമൂർത്തി
അടിമാലി: കാഞ്ഞിരവേലിയിൽ ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയും ഭർത്താവ് രാമകൃഷ്ണയും പകലന്തിയോളം അന്നന്നത്തെയപ്പത്തിനായി കൈവെള്ളപൊട്ടി അധ്വാനിച്ചിരുന്നവരാണ്.
വിവാഹം കഴിച്ച നാൾ മുതൽ അടിമാലി പഞ്ചായഞ്ഞിലെ കഞ്ഞിരവേലിയിൽ മുണ്ടോൻ രാമകൃഷ്ണനും ഇന്ദിരയും കൃഷി ഉപജീവനമാക്കി ജീവിച്ചു വന്നിരുന്നവരാണ്. കാലിവളർത്തലും കുടുംബംപോറ്റാനുള്ള പ്രധാനമാർഗമായിരുന്നു. കൃഷിയിടത്തിൽ ഭർത്താവിനൊപ്പം തണലായി ഇന്ദിരയും എന്നും ഒപ്പമുണ്ടാകും.
ഇന്നലെ വീടിനു സമീപത്തു നിന്ന് അൽപം ദൂരെയുള്ള സ്ഥലത്തെ കൂവപറിക്കുകയായിരുന്നു രാമകൃഷണൻ. പുലർച്ചെ തന്നെ കൃഷിയിടത്തിലേക്ക് പോയ ഭർത്താവിന് ചായ കൊണ്ടുവന്നു നൽകിയ ശേഷം വീട്ടിലുള്ള ആടുകൾക്ക് തീറ്റ നൽകുന്നതിനായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്.
ആനവരുന്നുണ്ട് ഓടിമാറിക്കോ എന്നു സമീപത്തുണ്ടായിരുന്നവർ വിളിച്ചുപറഞ്ഞെങ്കിലും ഞൊടിയിടയിൽ പാഞ്ഞെത്തിയ ആനയുടെ മുന്നിൽ അകപ്പെട്ട ഇന്ദിരയ്ക്ക് രക്ഷപ്പെടാനായില്ല. തുന്പികൈകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.
ഇതിനിടെ ഇന്ദിരയുടെ നിലവിളിയും ആനയുടെ ചിന്നംവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാർ ബഹളംകൂട്ടി ആനയെ അകറ്റിയശേഷം ഇന്ദിരയെ വാരിയെടുത്ത് കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.