ഏഴിന് ധര്‍ണ; റേഷന്‍ കടകള്‍ അടച്ചിടും
Tuesday, March 5, 2024 2:01 AM IST
കൊച്ചി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മക നിലപാടുകള്‍ക്കെതിരേ റേഷന്‍ ഡീലേഴ്സ് കോ -ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏഴിനു സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടുകയും ജില്ലാ-സംസ്ഥാന കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് റേഷന്‍ ഡീലേഴ്സ് കോ-ഓർഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ ജോണി നെല്ലൂര്‍ പറഞ്ഞു.
ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കുക, ബോര്‍ഡുകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന് ആവശ്യമായ കര്‍മപദ്ധതികള്‍ നടപ്പിലാക്കുക, ക്ഷേമനിധിയെ സംരക്ഷിക്കുക, പെന്ഷന് 5000 രൂപയായും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായങ്ങളും കാലാനുസൃതമായി വര്‍ധിപ്പിക്കുക, ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കോ -ഓര്‍ഡിനേഷന്‍ ഭാരവാഹികളായ കാടാമ്പുഴ മൂസ, ടി. മുഹമ്മദാലി, എന്‍. ഷിജീര്‍, സി.ബി. ഷാജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.